Posts

Showing posts from April 28, 2019

ഓർമ്മ

Image

മഴവിൽ ചിറകുള്ള കൂട്ട്

******** മനസ്സ് പിടയുമ്പോൾ വിരലുകൾ കോർത്ത് "പോട്ടെടോ സാരമില്ലെ"ന്നു പറയുവാനൊരു കൂട്ടുവേണം അമളി പറ്റുമ്പോൾ "ഹയ്യേ.…." എന്നാർത്തു ചിരിക്കുവാനൊരു കുറുംമ്പി വേണം പ്രാരാബ്ധ ഞെരുക്കത്തിൽ സ്വപ്നങ്ങൾ പിടയുമ്പോൾ "ഞാനുണ്ട് കൂടെ"യെന്നു പറയാൻ ഒത്തൊരു ഹൃദയം വേണം പൊള്ളുന്ന വേനലിൽപെയ്യുന്ന ആദ്യമഴയിൽ തുള്ളിച്ചാടി നനഞ്ഞീടുവാനൊരു മാൻപേട കണ്ണുള്ള പെണ്ണൊന്നു വേണം സായംസന്ധ്യയിൽ കിന്നാരംപറഞ്ഞ് കടൽതീരത്തു നടക്കുവാൻ വെള്ളിക്കൊലുസിട്ട പാദങ്ങൾ വേണം മഞ്ഞു പെയ്യുന്ന നിലാരാത്രികളിൽ മാറോട് ചേർത്ത് ചുംബനം ചൂടുമ്പോൾ ഞാൻ അവളും അവൾ ഞാനുമായിത്തീരണം അങ്ങിനെ ഞാനും നീയുമല്ല ഈ പ്രപഞ്ചം നമ്മുടേതെന്നു ചൊല്ലുവാൻ ഹൃദയത്തിൽ നൻമതൻ കൂടൊരുക്കിയ മഴവിൽ ചിറകുള്ള ഇണപക്ഷി കൂട്ടിനായ് ഇനിയുമെത്ര കാലങ്ങളാണ് കാത്തിരിക്കേണ്ടത് ഞാൻ ......? കതിരേഷ് പാലക്കാട്

ആവർത്തന ചോദ്യം

************** 1 -1000 പേര് : കല്യാണം കഴിഞ്ഞോ ? ഞാൻ : ഇല്ലപ്പാ.... 1-1000 പേര്: അഹ്ഹാ എന്തേ  🤓 🤓  ? ഞാൻ : 😊 പണവും ഗവൺമെന്റ് ജോലിയും മതവും ജാതികൾക്കുമപ്പുറത്ത് സ്വന്തം ചിറകുകൾ തിരിച്ചറിഞ്ഞ ഒരു പെൺപക്ഷിക്ക് ഒരു ആകാശം ഞാൻ കരുതിയിരിപ്പുണ്ട് ഒത്തിരി കാലമായ്... അത്തരമൊരു വംശനാശഭീഷണി നേരിടുന്ന പക്ഷിയെ കാത്തിരിക്കുന്നു. 1 -1000 പേര് : നിനക്ക് ഒരിക്കലും കല്യാണം കഴിയില്ല.... ഞാൻ : ആയ്ക്കോട്ടെ......നിങ്ങളെന്നാണ് പെണ്ണിന്റെ ചിറകുകൾ കണ്ടിരിക്കുന്നത് ? നിങ്ങളെന്നാണ് അവൾക്കു വേണ്ടി ആകാശങ്ങൾ ഒരുക്കിയത് ? 1 -1000 പേര് : .......…........…..... 🙄  ? കതിരേഷ് പാലക്കാട്

കവിയുടെ അടുക്കള (ശാന്ത പെങ്ങളിന് )

എത്ര കൂട്ടുകളെ ഊട്ടിയിരിക്കുന്നാ തീന്മേശ എത്രയെത്ര സ്നേഹ തലോടലുകൾ തന്നിലേക്ക് ചേർത്തിരിക്കുന്നാ കിണ്ണങ്ങൾ എത്രയെത്ര ചുംബനങ്ങൾ ഏറ്റുവാങ്ങി ആ ഗ്ലാസുകൾ ആ വാതിലുകൾ അടയാറേയില്ല ഒരിക്കലും ചുമരുകളിൽ അടുപ്പിന്റെ കരികളല്ല , ആളിക്കത്തിയ സ്വപ്നങ്ങളുടെ നിറമാണത് ഗതകാലത്തിൽ വറ്റിയിരുന്ന ചോറ്റുപാത്രങ്ങളുടെ വേദനയേയാണ് അവ ഒളിപ്പിച്ചു വയ്ച്ചിരിക്കുന്നത് അതിഥികളുടെ വരികളേയല്ല മനസ്സു വായിച്ചെടുക്കുന്ന പാചകക്കാരിയാണ് കവിയുടെ ഭാര്യ അതുകൊണ്ട് തന്നെ പഞ്ചസാരയോടൊപ്പം ഇത്തിരി പുഞ്ചിരിയും ആ ചായയിൽ കലർത്തിയിടും എപ്പോഴും ഹൃദയം എത്ര മധുരിക്കുമെന്നോ.... കറികളിൽ ഉപ്പോടൊപ്പം പാകത്തിന് സ്നേഹവും ചേർത്തിടും എത്ര രുചിയാണെന്നോ .... കവിയേപ്പോലെതന്നെ കൂട്ടുകളുടെ വലിപ്പമല്ല അവരുടെ വിശപ്പുകളെയാണവർ ചേർത്ത് പിടിക്കുന്നത് അന്ന് , കവിയരങ്ങുകൾ കഴിഞ്ഞു യാത്ര ചോദിച്ചപ്പോഴും അവർ അടുക്കളയിൽ എനിക്ക് ചായ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു വീട്ടിലേക്കുള്ള വഴികളിലെല്ലാം കൂടെ പിറക്കാത്ത ആ പെങ്ങളും ഹൃദയം നിറച്ച അടുക്കളയുമായിരുന്നു മനസ്സു നിറയെ. മഴവീടിന്റെ യാത്രാമൊഴി ഇങ്ങനേയായിരുന്നു "ഇടയ്ക്കൊക്കെ ഇവിടേക്കു വരണം ഒരു ന...

ഞാനെത്ര നീയായ്

ഇരുളിൻ്റെ തടങ്ങളിൽ എന്നെ തനിച്ചാക്കി അകലങ്ങളിലേയ്ക്കകന്നു നീ അന്നൊരിക്കൽ നിദ്രകൾ പൂക്കാത്ത രാത്രികളിൽ അറിയുമോ ഞാനെത്ര നീയായ് തീർന്നെന്ന്.... ? കതിരേഷ് പാലക്കാട്

രണ്ടു ശബ്ദങ്ങളിലെ മഴ

പതിയേ, ചിന്തകളിൽ കൂടുകൂട്ടിയ മൗനങ്ങളേയാണ് ആദ്യം ദേദിച്ചത് മണ്ണടിഞ്ഞ പ്രണയത്തേയാണ് മനസ്സിൽ പുനർജീവനം നൽകിയത് ആ വിരഹത്തെ ,കാത്തിരിപ്പുകളെ വസന്തത്തിൻ ഇടനാഴികളിൽ നൽകാതെ വിഴുങ്ങിയ ചുംബനങ്ങളെ ഓർമ്മയുടെ ഭാണ്ഡത്തിൽ നിന്ന് പെറുക്കി മനസിലേക്ക് വിതറുന്നു ചാറ്റലിൽ പൂക്കുന്ന നിശാഗന്ധിയെ മുല്ലപ്പൂ മണമുള്ള പുലരിയിൽ പുൽനാമ്പുകളിൽ പിറക്കുന്ന മഞ്ഞുതുള്ളിയെ ,മണ്ണിനെ , മഴവില്ലിനെ, ചിറകു വിടർത്തിയ മയിലിനെ ഹൃദയത്തിൻ്റെ ക്യാൻവാസിൽ നനപ്പിച്ച് വരയ്ച്ചിടുന്നു ഉച്ചത്തിൽ, ഭയനിപിടമായ ഉൾവനത്തിൽ ഇടിയോടൊപ്പം ഇരുട്ടു പെയ്യുന്നു ആന്തരാഴങ്ങളിൽ മൂർച്ചയേറിയ നോവുകൾ കത്തുന്നു മരണത്തിൻ്റെ ,മഹാപ്രളയത്തിൻ്റെ ശംഖൊലി മുഴങ്ങുന്നു സമതലങ്ങളെ ഇളക്കിമറിച്ച് രുദ്ര താണ്ടവങ്ങളിൽ കണ്ണുനീർ നിറയ്ക്കുന്നു ചഞ്ചല ഹൃയങ്ങളിൽ ചീവീടുകൾ ആർത്തലമ്പുന്നു കാട്ടുവഴിയിൽ കുറുക്കൻമാർ ഓളിയിട്ടൊളിക്കുന്നു പ്രതീക്ഷകളെല്ലാം വറ്റിയ ഇടങ്ങളിൽ പ്രകൃതി ദുഃഖഭാരം നിറയ്ക്കുന്നു മുള്ളുകൂർത്ത മിന്നൽ പിണരുകൾ മനസ്സിനെ മുറുക്കി ചോര കിനിയുന്നു. ഞാൻ നിന്നിൽ നിന്നും നീ എന്നിൽ നിന്നും ചുഴറ്റിയെറിപ്പെട്ട് നമ്മൾ മരണത്തിലേക്ക് വീശിയെറിയപ്പെടുന്നു.......!...

പുസ്തക ദിനം

വാക്കുകൾ എഴുതിയ വിരലുകൾ യാത്രയാകും കനവുകൾ വരയ്ച്ചിട്ട കവിതകൾ ബാക്കിയാവും ഒരു എഴുത്തെന്നാൽ ഒരു കാലഘട്ടത്തിൻ്റെ അടയാളപ്പെടുത്തലാണ് മണത്തിനുശേഷവും നമ്മളിവിടെ ഉണ്ടായിരിക്കുമെന്ന സാക്ഷ്യപ്പെടുത്തലും നുള്ളിപ്പെറുക്കുന്നുണ്ട് വാക്കുകളുടെ ചുള്ളികൾ, എൻ്റെ സ്വപ്നങ്ങൾ കുറിച്ചിട്ട കവിതകളുടെ കൂടുണ്ടാക്കുവാൻ. കതിരേഷ് പാലക്കാട്

ചൂണ്ടുവിരൽ മഷി

# Election Special#Vote Carefully നുണക്കാലം കഴിഞ്ഞടി പെണ്ണേ ഇനി നമ്മള് പോകുന്നൂ നേരിന്റെ നേരായവന് നാടിന്റെ താക്കോൽ നൽകാൻ ഇന്നലെകൾ മറക്കും മുന്നേ പടിവാതിൽ താണ്ടുംമുന്നേ ഓർക്കേണം ചിലരുടെ ചെയ്ത്തുകൾ ഓർക്കേണം ചിലരുടെ ചെയ്ത്തുകൾ പടച്ചോനെ പിച്ചിച്ചീന്തി പാവങ്ങളെ പറ്റിച്ച് കനവുകൾ,കാടുകൾ കത്തിയെരിയുന്നൊരു മതഭ്രാന്തിൻ വിത്തു വിതച്ചവർ പ്രളയത്തിൽ കൈകോർത്തിങ്ങനെ ഒന്നായി കഴിഞ്ഞവർനമ്മളിൽ വർഗ്ഗീയം കുത്തിയിറക്കി വഴിപാട്ടിൽ മായം ചേർത്തവർ പകലോളം പണിയെടുത്തന്നൊരു ഒരുവേള കിട്ടിയകാശിനെ ഒരു നേരപട്ടിണി മാറ്റാൻ വരിവരിയായ് നിന്നവർ നമ്മൾ പശുക്കോലം കെട്ടിയാടുന്നൊരു പിശകിൻ്റെ തട്ടകത്തിൽ പോത്തിൻ്റെ കയറ്റുമതിക്കാർ ഉടലാകെ കൊത്തി നുറിക്കിയ ഉടയോനെ മറവരുതെന്നും നാടാകെ ചുടലക്കാടുകൾ നീറി നീറി കരയുമ്പോൾ ഉലകാകെ ചുറ്റിയ മന്നനെ ഉയിരുള്ളോർ മറക്കരുതെന്നും കടമാകെ പള്ളനിറഞ്ഞ് കൃഷിക്കാരൻ ചത്തപ്പോൾ കോടികളിൽ കൂട്ടുംകൂടി കോഴകളിൽ ആട്ടമാടിയ കോട്ടിട്ട തമ്പ്രാൻമാര് കാഴ്ച്ചകളിൽ മായുവതെങ്ങിനെ കാട്ടിക്കൂട്ടലിൻ കേടുകെട്ട നാടുവാഴിയെ..... കൂടോടെ പറിച്ചെറിയാൻ ചേലോടെയിറങ്ങടി പെണ്ണേ ചൂണ്ടു വിരൽ മഷിയെഴുതാൻ മൂന്നുനേര ചോറ...

ഭാഷ

Image

വെളിച്ചം

Image

അവളും ഞാനും

****************" അവളും ഞാനുമെന്നാൽ ഗതകാലത്തിൽ പുഞ്ചിരികോണ്ട് പരിചയപ്പെട്ടവർ വഴികൾ ഒന്നെങ്കിലും ഇതുവരെ ദിക്കുകൾ കാണാത്തവർ കടലിൽ, ഞാൻ തിരയും അവൾ ആഴങ്ങളുമായവൾ പേരിൻ്റെ അറ്റത്ത്, ഞാൻ നാടും അവൾ നാടുവാഴിത്തവും പേറി നടക്കുന്നവർ നിറങ്ങളിൽ അവൾ നിലാവും ഞാൻ ഇരുട്ടും നക്ഷത്രങ്ങളുടെ ഇടയിൽ ഞങ്ങളന്യരുമായവർ പണം കോണ്ട് ഞാൻ പട്ടിണി ഒളിപ്പിച്ച തുട്ടും അവൾ ഗോഡ്സേ തുളപ്പിച്ച നോട്ടും ആശയം കോണ്ട് അവൾ ദൈവവും ഞാനൊരു അവിശ്വാസിയും സാമ്യത, ഞാനും അവളും ഹൃദയങ്ങളിൽ നന്മ മുളപ്പിക്കുന്നവർ നീറ്റലിൽ ഒരു പുഞ്ചിരിയും കൊണ്ടുനടക്കുന്നവർ പ്രണയത്തിൽ, രണ്ടു കടലുകളുടെ ഇരുകരകളിൽ ഇരു വലകളിൽ കുടുങ്ങി വഞ്ചിതരായവർ യാത്രകളിൽ, ഏകാന്തതയുടെ ഒടുവിലത്തെ അറ്റത്ത് അവൾ ആത്മീയതയേയും ഞാൻ കവിതയേയും തേടി നടക്കുന്നവർ എന്നെങ്കിലും ഒരിക്കൽ എനിക്ക് അവളുടെ കണ്ണുകളെ നോക്കി ഒരു കവിതയെഴുതണമെന്നു- ണ്ടായിരുന്നു ചുണ്ടുകളിൽ വാക്കുകളുടെ ചുംബനംകൊണ്ട് മനസ്സ് തുറക്കണമെന്ന് മോഹിച്ചിരുന്നു പക്ഷേ കാലം അതൊരു കാത്തിരിപ്പുകൾ- ഞൊറിഞ്ഞ മോഹങ്ങളുടെ ചുടലപ്പറമ്പാണ് ഓർമ്മകൾ മാത്രം കത്തിയെരിയുന്ന തരിശ്ശ് പ്രണയമല്ലിത് ഒറ്റപ്പെടലുകളുട...

കടൽ മേഘങ്ങൾ

കടലാളേ, ഉടൽ മുഴുവൻ ഉപ്പുനിറഞ്ഞോളേ... മദ്ധ്യാഹ്നങ്ങളിൽ, കത്തുന്ന കനലിൽ മേഘങ്ങളായി രൂപം മാറുമ്പോൾ മൗനം വെടിഞ്ഞ് പെയ്തൊഴിമ്പോൾ കടൽമേഘമേ, നിന്നിലെ തുള്ളികൾ എത്ര പവിത്രമെന്നോ മണ്ണിനും മാനത്തിനുമിടയിൽ ഒരു തിരയ്ക്കും കാറ്റിനുമിടയിൽ ഉപ്പുമണമുള്ള ദുഃഖങ്ങൾ നീ ഒളിപ്പിക്കുന്നതെവിടെയാണ്.......? കതിരേഷ് പാലക്കാട്

കൂട്ടേ.....

ഏകാന്തതയുടെ തീരങ്ങളിൽ വെയിൽ ചില്ലകൾ ഉണങ്ങുന്നു ഒരു മഴയായ് പെയ്തൊഴിയാൻ നീ-യെന്ന കൂട്ടുവേണമെനിക്ക് ഒരു വെളിച്ചം മാത്രം മതി എന്നിലെ ഇരുണ്ട മേഘങ്ങൾ അശ്രുക്കളാൽ മഴവില്ല് വിരിയിക്കും നിറങ്ങൾ ചാലിച്ച പൂമ്പാറ്റ കുന്നുകളിൽ തുഷാരം പെയ്യുന്ന പുലർവേളകളിൽ സ്വപ്നങ്ങളേക്കുറിച്ച് കിന്നരിച്ചിരിക്കാം നമുക്ക് അന്തിച്ചുവപ്പിൻ മന്ദാരതീരങ്ങളിൽ ചിപ്പികൾ പെറുക്കി ചുംബിച്ചിരിക്കാം നമുക്ക് നിരതരാത്രികളിൽ നക്ഷത്രങ്ങൾ കോണ്ടൊരു കൂടുണ്ടാക്കി നിലാത്തണുപ്പിൽ ഒരുവരി നീയും മറുവരി ഞാനുമായ് നമ്മളെന്ന മനോഹര കവിതയിൽ പൂക്കളായ് അലിഞ്ഞു ചേരാം നമുക്ക് കൂട്ടേ.......! കതിരേഷ് പാലക്കാട്

എന്നിലെ ഇന്നുകൾ

പുറത്ത്, നിറഞ്ഞ പുഞ്ചിരിയിൽ നൊമ്പരം ഒളിച്ച മൗനം ഉള്ളിൽ, തിരകളായ് നിസ്സഹായവസ്ഥ ഹൃദയം നോവുകളാൽ ചുറ്റപ്പെട്ട കത്തുന്ന കാടായി പരിണാമം നടത്തുന്നു.......! കതിരേഷ് പാലക്കാട്

ഉഷ്ണനൊമ്പരം

നനുത്ത കാറ്റ്, ഈ കനൽപെയ്തൊഴിഞ്ഞ പനമരക്കാടുകൾക്കപ്പുറം അടുത്തെവിടെയോ മഴ പെയ്യുന്നുണ്ട് ഹൃദയ വനാന്തരങ്ങളിൽ ചിട്ടു കുരുവികൾ ചികയുന്നുണ്ട് മേഘങ്ങളുടെ പായ്ച്ചിലിൽ ഉഷ്ണങ്ങൾ വിയർപ്പല ഞൊറിയുന്നു കടൽ നിലാവത്ത് ആർത്തിരമ്പുന്നു രാത്രിയുടെ ആർത്തനാദങ്ങൾക്കൊത്ത് ഇരട്ടവാൽക്കിളി മൂളുന്നു ഈ രാത്രിയെങ്കിലും ചിറകുകളൊന്ന് അലക്കിത്തെളിക്കുവാൻ ഓർമ്മകൾ മുഷിഞ്ഞു കാത്തിരിക്കുന്നു വേനൽ ഉടച്ചിട്ട വിള്ളലിൽ മണ്ണിൻ്റെ ഗന്ധം വേച്ചു വേച്ചിങ്ങനെ ശ്വാസം മുട്ടി നിൽക്കുന്നു ഗർഭ്ഭപാത്രം വേരുകളിളൊളിപ്പിച്ച് പുൽക്കൊടികൾ ആത്മഹത്യ ചെയ്തിരിക്കുന്നു മഴയേ ....... വേനൽ മഴയേ... ഒരു ശിശിരം പ്രണയത്തിലുപരി വിരഹത്താൽ നിന്നെയും കാത്ത് കാത്തിങ്ങനെ ............, കതിരേഷ് പാലക്കാട്

ഒരു ട്രക്ച്ചർ കഥ

ആകെയുള്ള അമ്പത്താറായിരത്തിൽ നിന്നും വേണ്ടേ ഈ സ്ട്രക്ചർ ഒക്കെ ഉണ്ടാക്കാൻ ആധുനിക ഗദ്യകവിതയ്ക്കായി പ്രത്യേകിച്ച് ഒരു സ്ട്രക്ചർ ഒന്നും ഒന്നും ഇല്ല കവിത ഉണ്ടാവുന്നതാണ് ഉണ്ടാക്കുന്നതല്ല ഉണ്ടാക്കിയെടുത്താൽ ആത്മാവില്ലാത്ത വെറും അക്ഷരങ്ങളായിപ്പോവും അത് വടിവൊത്ത അക്ഷരങ്ങൾ കൊണ്ട് എത്ര ഏച്ചു കൂട്ടിയാലും അത് മുഴച്ചേ നിൽക്കൂ ഇനിയിപ്പോ ആ മുഴയേയാണോ കവി ട്രക്ച്ചർ എന്ന് ഉദ്ദേശിച്ചത് ? ആരോപൺ ജി പൂശിയെടുത്ത ഡാഷാണല്ലോ ആ കവിത മിസ്റ്റർ ആരോപൺ ജി നിങ്ങൾ ചൂച്ചൂ അടിക്കാന് ചൂച്ചി പിടിക്കാനറിയാത്ത കാലത്ത് കവിത എഴുതി തുടങ്ങിയതാ ആരോമൽ ജി എവിടുന്ന് എങ്ങോട്ടാണ് വാക്കുകൾ /കോറുകൾ ഒഴുകിയിരിക്കുന്നെന്ന് വായിക്കുന്ന ഞങ്ങൾക്കറിയാം ആരോമൽ ജി ആത്മാവുള്ള മാസാണ് അതറിയണമെങ്കിൽ അവരെ ആരോപൺജി കൂടുതൽ വായിക്കേണം മോൻ നിലാവിനെ അമ്മാവനെന്ന് വിളിച്ച കാലം തൊട്ട് കവിതാ നിർമ്മാണതൊഴിലാളി ബെറുതേ സ്ട്രക്ച്ചർ ഉണ്ടാക്കിയാൽ പോര ......! കതിരേഷ് പാലക്കാട്

കള്ളനും കള്ളിയും മാനസാന്തരവും ................

മോഷ്ടാവ് ആരെന്നറിഞ്ഞും വെളിപ്പെടുത്താതെ കള്ളന്റെ മാനസാന്തരത്തിനു കാത്തിരിപ്പുണ്ട് സൃഷ്ടാക്കൾ നഷ്ടപ്പെട്ട മുതലിനെ കുറിച്ച് കണ്ണീരിൽ ചാലിച്ച കവിത എഴുതി വിലപിക്കുന്നു ആത്മാർത്ഥ സുഹൃത്തുക്കൾ ആരെന്ന് ചോദിക്കുമ്പോൾ മറുപടിയായി ചോദിച്ചവരെത്തന്നെ മെൻഷൻ ചെയ്യുന്നു ചോദിച്ചവൻ അന്തം വിട്ടു പോകുന്നു 'ഞാനോ ?' ഞാൻ പേരും കവിതയും വെളിപ്പെടുത്താൻ ആവശ്യപ്പെടുന്നു താനാരാണെന്ന് ചോദിക്കുന്നു ഇത്രയും ചോദിച്ച സ്ഥിതിക്ക് സുഹൃത്തല്ല ഞാൻ ഞാനാരാണ് ? കള്ളനും കള്ളത്തരത്തിനുമിടയിൽ കഞ്ഞിവയ്ക്കുന്നത് കവിയെന്നു പറയുന്നവൻ അത്രേയുള്ളൂ ഒളിച്ചുകളിയിലും ഒരു കള്ളത്തരമുണ്ടെന്ന് പറയുന്നവൻ വേവു നോക്കാൻ പോകുമ്പോൾ അടിവരയിട്ട ഒരു അനുകരണ കവി (ത)യുടെ പോസ്റ്റ് കാണുന്നു അടിപൊളി മാനസാന്തരം എല്ലാം ശുഭം നമ്മളാരായി..... ഒരാവശ്യവും ഉണ്ടായിരുന്നില്ല അവരുടെ സുഹൃത്തുക്കളേപ്പോലെതന്നെ ഞാനും......... 🐜 കതിരേഷ് പാലക്കാട്

ഒരു നക്സലാവാൻ

ഒരു നക്സലാവാൻ സ്വപ്നങ്ങളെ ഉണക്കിയെടുത്ത് ഇരുട്ടുകളിലേക്ക് പോവേണ്ട നദി വറ്റിയ കാടുകളിൽ ഒളിച്ചിരിക്കേണ്ട തോക്കുകൾകൊണ്ടൊരു സ്വരക്ഷാകവചങ്ങൾ തീർക്കേണ്ട പോരാട്ടങ്ങളുടെ വീര്യമോ ചുട്ടുപൊള്ളുന്ന ആശയമോ വേണ്ട 'നക്സൽ' എന്ന് കിറുക്കിയിട്ട ഒരു 'പുസ്തകം' കൈയിൽ കരുതിയാൽ മതി.........! കതിരേഷ് പാലക്കാട്

കൊതി

Image

നോട്ട

Image

വിഡ്ഢിദിനം

അകാംക്ഷകളുടെ വിത്തുകൾ മുളപ്പൊട്ടി എരിഞ്ഞടങ്ങുന്നു വിശ്വാസത്തിൻ്റെ വേരുകൾ നിഴൽ നീരുകൾ തേടിപ്പോകുന്നു അന്ധമായ മനസ്സോട് മഴവില്ലിനെ കുറിച്ച് കഥ മെനയിപ്പിക്കുന്നു ഒരാൾ വിഡ്ഢിയാക്കപ്പെടുകയെന്നാൽ പ്രത്യാശകളുടെ ചൂണ്ടയിൽ വിശ്വാസങ്ങളെ ആത്മഹത്യ ചെയ്യിക്കലാണ്........! കതിരേഷ് പാലക്കാട്