Posts

Showing posts from July 8, 2018

തപാൽ പെട്ടി

Image

മാറ്റർ

Image

കൈയ്യേറ്റം

............... അഞ്ചുദിന മഴയിൽ വീട് കൈയ്യേറിയ തോട് വഴി കൈയ്യേറിയ പുഴ വയൽ കൈയ്യേറിയ കായൽ പാത കൈയ്യേറിയ കുന്ന് നിലക്കാത്ത ബ്രേക്കിംഗ് ന്യൂസ് സ്ക്രോളുകൾ "പ്രകൃതിയുടെ കൈയ്യേറ്റം തുടരുന്നു നടപടിയില്ലാതെ സർക്കാർ.... " കതിരേഷ് പാലക്കാട്

നിർത്താതെപെയ്യുന്ന മഴ

നിർത്താതെപെയ്യുന്ന മഴ വയലുനിറയ്ക്കുന്നു വയറുനിറഞ്ഞ പാടം തോടു നിറയ്ക്കുന്നു ഈറനുടുത്ത കാറ്റ് ഓടിനടക്കുന്നു തൊട്ടുതലോടലിൽ മരം ഞെട്ടിവിറയ്ക്കുന്നു ചീവീടുകളുടെ സംഗീതത്തിനു മാക്ക്രികൾ താളംപിടിക്കുന്നു വഴിയിലോരു പുഴവന്നതുകണ്ട് അമ്മിണിപ്പൂച്ചയന്ധാളിക്കുന്നു പരലുകൾ പുഴയുണരുന്നതും നോക്കി പലവഴിവന്നൊരുമിച്ചുനിന്നു മാനം മേഘമുടുത്തതുകണ്ട് നിലാപ്പെണ്ണ് നാണിച്ചൊളിച്ചു മണ്ണ് മഴയുടെ പ്രണയത്താൽ തുള്ളികളിലലിഞ്ഞു കുളിർന്നു നനുത്ത ഓർമ്മകളാൽ ഹൃദയം ചുടുനിശ്വാസമേകി വിയർത്തു. നിർത്താതെപെയ്യുന്ന മഴ നനവും നിനവുമായ് സ്മൃതിയോടൊത്തു പെയ്തുകൊണ്ടേയിരിക്കുന്നു.........! കതിരേഷ് പാലക്കാട്

പുനർജനി

Image

മൗനപദം

നിന്നെയോർക്കുമ്പോൾ, ആശ്രയാന്വേഷിയായ നയനങ്ങൾ സന്ധ്യാകാശത്ത് നക്ഷത്രംപോലെ സ്തബ്ദമായി നിൽക്കുന്നു ഒഴിവാക്കപ്പെട്ടവരുടെ വാക്കുകൾ മുളങ്കാട്ടിലെ തപ്തവായുവിൽ ലയിക്കുന്നു മൗനഭേദനത്തിന്റെ ദീക്ഷയെടുപ്പിച്ച് ദീർഘപദങ്ങൾ നീ ബാക്കിയാക്കുന്നു ഇരുളണയുമ്പോൾ ചീവിടുകൾ കീർത്തനം ആലപിക്കുന്നു നിന്നോ൪മ്മകൾ തരും സുഗന്ധം വായുവിലൊഴുകുന്നു വെറുതേ മുളകൊണ്ടുകെട്ടിയ വേലിയിൽ മിന്നാമിനുങ്ങുകൾ മിന്നിമറയുന്നു നായ പാറാവുനോക്കുന്ന രാത്രിയിൽ ഞാൻ ഉറങ്ങാതെ പുതച്ച് കിടക്കുന്നു ഓർമ്മകളുടെ ആരവങ്ങളിടവിടാതെ തുള്ളി തുള്ളിയായ് പെയ്യുന്നു വർഷം മൂടിക്കെട്ടിയ മേഘകൂട്ടുകളിൽ താരങ്ങളൊളിച്ചുതന്നേയിരുന്നു തീരങ്ങൾതൻ മൗനം നോക്കി അലകളുടെ ക്ഷുധിതഗർജ്ജനം കേട്ടു പതിവില്ലാത്തയശുഭ പ്രലോഭനങ്ങൾ ഹൃദിയിലൊരു ഭാരം ചുമത്തുന്നു പ്രത്യക്ഷമാവാത്ത നിന്റെ നിഴൽ അന്തരാത്മാവിലൊളിച്ചുതന്നെയിരിക്കുന്നു...! കതിരേഷ് പാലക്കാട്

കവിനർത്തകി

Image

പുനർപരിണാമം

...................... കളഞ്ഞുപോയ ജീവിതത്തെ എങ്ങിനെയാണ് വീണ്ടെടുക്കുക? പറ്റിപ്പോയ തെറ്റുകളെല്ലാം പെറുക്കിയെടുത്ത് ചുട്ടെരിച്ച് ഗംഗയിൽ കൊണ്ടുപോയി ഒഴുക്കിവിടാം ഹൃദയത്തിൽ കൂടിയ കറുത്ത നിമിഷങ്ങളെ കാർമുകിലാക്കി ശുദ്ധമഴയായ് പെയ്തൊഴിക്കാം വിട്ടുപോയ അദ്ധ്യായങ്ങൾ കീറിയെടുത്ത് പുറംചട്ടയിട്ട് പുസ്തകമാക്കി ആദ്യം മുതൽ വായിച്ചു തുടങ്ങാം എഴുതിപ്പോയ കവിതയിൽ സ്വരങ്ങളെ വ്യഞ്ജനങ്ങളെ ചില്ലുകളെ കൂട്ടുകളെയെല്ലാം മോചിപ്പിച്ച് വീണ്ടും അക്ഷരങ്ങളാക്കി നിലനിർത്താം, എഴുതിയ വായിച്ച അർത്ഥങ്ങളെല്ലാമങ്ങിനെ മായ്ച്ചു കളയാം ഒഴുക്കിയ കണ്ണുനീരുകളുടെ ഉപ്പുകൾ അരിച്ചെടുത്ത് അടുത്ത കറിക്ക് പാകത്തിനിടാം. നന്മയിൽ ചിരിച്ചനിമിഷങ്ങളൊക്കെയും പൊതിഞ്ഞ് ഓർമ്മതൻഭാണ്ഡത്തിൽ മറക്കാതെ സൂക്ഷിക്കാം കാലത്തെ തിരിച്ചുവിട്ട് ശിശുവായി, ഭ്രൂണമായി, ശുക്ലമായി, കാമമായി തിരികേപോവാം. അങ്ങിനെ ജന്മജന്മാന്തരങ്ങൾ പുറകേ നടന്ന് ഹോമോസാപ്പിയനിൽ നിന്നും ഹോമോഹാബിലിസും താണ്ടി ഭൂമിതൻ പരിണാമത്തിനടുത്ത നിമിഷം ജീവന്റെ കണമായി വീണ്ടും ജനിക്കാം. ഓർമ്മതൻ ഭാണ്ഡമഴിച്ച് നന്മതൻ വിത്തുപാകി നല്ലോരു ഭൂമി വിളയിച്ചെടുക്കാം.......! കതിരേഷ് പാ...

മഴനിറഞ്ഞ രാത്രി

ഇടി വെട്ടിത്തകർക്കുന്ന- രാവിൽ മിന്നൽപ്പിണരുകൾ ഇരുട്ടുമുറിക്കുന്നു ഒരുതുള്ളിവീഴുംമുന്നേ കറണ്ടുംപോകുന്നു പലതുള്ളി പെയ്ത്തിൽ മണ്ണു നനയുന്നു വെളിച്ചമില്ലാ രാത്രിയിൽ വേനൽമഴ തിമിർക്കുന്നു കരിമ്പന കാടുകളിൽ കളകളം കേൾക്കുന്നു ആൽമരത്തറയിൽ ആലിപ്പഴം വീഴുകയാവും... ഉമ്മറച്ചായ്പ്പിൽ ഒരുപുഴ- യൊഴുകുന്നു മണൽതൂർത്ത കുഴിയുള്ള- മുറ്റത്ത് മഴതീർത്ത ചെളി- ക്കടലിലേക്കലിയുന്നു വെറുതേ. കുളിരേകി കനവേറുമീ രാത്രി മഴപോലെ ഓർമ്മകളും പെയ്തിറങ്ങുന്നു. കതിരേഷ് പാലക്കാട്

മാതൃദിനാംശംസ

ഉപമിച്ചുപമിച്ച് ഉപകാരമില്ലാതായപ്പോൾ വൃദ്ധസദനങ്ങളിൽ ഓർമ്മകളയവിറക്കുന്നോ'രമ്മ.' കഴിഞ്ഞ മാതൃദിനത്തിൽ സെൽഫിയെടുക്കാൻ വന്നു മക്കൾ, ഇന്നും വരാതിരിക്കില്ല. വൃദ്ധസദനപ്പടിവാതിക്കൽ കാത്തുനിൽക്കുന്നൊരായിരം അമ്മമിഴികൾ..........! "മാതൃദിനാംശംസകൾ" കതിരേഷ് പാലക്കാട്

ഞാനെന്ന കവി

കടങ്ങൾ കഴുത്തുഞെരിക്കുന്നു ഞാൻ കവിതയെഴുതുന്നു, വിശപ്പ് വയറുനോവിക്കുന്നു ഞാൻ കഥകളെഴുതുന്നു...! കതിരേഷ് പാലക്കാട്

രാഷ്ട്രീയവെട്ടലുകൾ പറയുന്നത്

....................... ഓരോ വെട്ടലുകൾക്കു പിന്നിലും ഓരോ പകയുടെ കഥയുണ്ടാവും രക്തബന്ധങ്ങളറിയാത്ത ഉറ്റവർ മാത്രം അറിയുന്ന കഥ.... ഓരോ വെട്ടുകൾക്കുപിന്നിലും ഒരു പ്രത്യയശാസ്ത്രമുണ്ടാവും പിടിച്ച കൊടിയുടെ, വായിച്ച പുസ്തങ്ങളുടെ, കേട്ട പ്രസംഗങ്ങളുടെ ഓരോ വെട്ടുകൾക്കുപിന്നിലും ഒരു കണ്ണുനീരുണ്ടാവും ഉറ്റവരുടെ വിയോഗത്തിന്റെ വീണുപോയ ചതിക്കുഴികളുടെ പറ്റിപ്പോയ അബദ്ധങ്ങളുടെ അങ്ങിനെ എന്തൊക്കെയോ... നഷ്ടപ്പെട്ട ജീവനുമേൽ വീര്യം- ചോരാത്ത മുദ്രാവാക്ക്യങ്ങളു- യരുംമ്പോൾ കണ്ണുനീർ വറ്റാത്ത കുടുബത്തിന് എന്താണ് പറയാനുണ്ടാവുക......? അവർക്കും പറയാനുണ്ടാവും രക്തസാക്ഷിത്വത്തിനുംമേൽ നഷ്ടപ്പെട്ട മകന്റ, നഷ്ടപ്പെട്ട ഭർത്താവിന്റെ നഷ്ടപ്പെട്ട അച്ഛന്റെ നഷ്ടപ്പെട്ട സഹോദരന്റെ പുറം ലോകമറിയാത്ത ഒരു കഥ... ഒരു ആശ്വാസത്തിനും നികത്താൻ- പറ്റാത്ത സ്നേഹത്തിന്റെ കഥ ഒരു പകപ്പോക്കലിലും പഴിതീരാത്ത വിരഹരത്തിന്റെ കഥ. വെട്ടലുകൾകൊണ്ടല്ല, ജനസേവനംകൊണ്ട് എതിരാളിയെ തോൽപ്പിക്കുക രാഷ്ട്രീയം അതിനാണ് അതിനു വേണ്ടി മാത്രമാണ് അതു പറ്റുന്നില്ലെങ്കിൽ നിങ്ങൾ വിശ്വസിക്കുന്ന കൊടിയിൽ തന്നെ തൂങ്ങി മരിക്കുക അതുമല്ല...

സത്യം

🙈🙉🙊 "നാ൦ കണ്ടതിനും നാം കേട്ടതിനും നാ൦ പറഞ്ഞതിലും അപ്പുറത്താണിന്ന് സത്യങ്ങൾ" കതിരേഷ് പാലക്കാട്

മാമ്പഴം പറഞ്ഞത്

ഞെട്ടറ്റുവീഴാറായ മാമ്പഴത്തെ കാറ്റു വന്നു തലോടുന്നു തൊട്ടുതലോടലിൽ ഒന്നിളകി നിൽക്കുന്നു വയൽകടന്ന് വന്ന തത്ത വെറുതേയൊന്നു ചുബിക്കുന്നു തോലിളകി നീരൊഴുക്കി മധുരിച്ചു മഞ്ഞളിക്കുന്നു മാമ്പഴം മഞ്ഞപ്പാവട്ടയിൽ മൈനകൾ ആർപ്പുവിളിക്കുന്നു മുട്ടയിട്ട കുയിൽ കാക്കയാൽ പിണക്കപ്പെട്ട് പാടാതെ പറക്കുന്നു ഇതൊന്നും ശ്രദ്ധിക്കാതെ പിച്ചകപ്പൂവിറുത്ത് ചിട്ടുകുരുവികൾ ഒരു ചില്ലയിൽ നിന്നും അടുത്തതിലേക്ക് ചാടുന്നു, വംശനാശഭീഷണിയാണത്രേ. വറ്റിയ കുളത്തിലെ മീൻതേടി മടുത്ത് ജാലകനിഴലിലെ സ്വരൂപത്തെ തലചരിച്ച് കൊത്തുന്നു പൊൻമാൻ വെയിൽ വന്നവഴി നിഴൽ കാണാതെ വറ്റിയ പുഴനോക്കി യാത്രയാവുന്നു. കാട്ടുകൊന്നയിൽ ഇലയേതാകിളിയേതെന്നു തിരഞ്ഞ് ചിറകുവിരിച്ച് കരിയിലക്കിളികൾ, പടവാൾ മുനകൂർത്തകൊക്കിൽ  ചെറുതേൻകിളി ചെമ്പരത്തിയിൽ തേൻ നുകരുന്നു വണ്ടുതുളച്ച തെങ്ങിൻ പൊത്തിൽ നാട്ടുമരംകൊത്തികൾ ചുവന്ന കിരീടമണിഞ്ഞ് കിന്നരിക്കുന്നു വേനലിൽ ഒരു കാടുംമുഴക്കാതെ ഇരട്ടവാലൻ അയലമേൽ ചിറകു വൃത്തിയാക്കുന്നു, മഴവരും. അപ്പോഴേക്കും നാട്ടുമാവിൻ മണംപിടിച്ച് കുഞ്ഞണ്ണാൻ കിതച്ചുവന്നു ഒരു പിടിയിലൊതുങ്ങാതെ മാമ്പഴം ഒരുകടിയിൽ ഞെട്ടറ്റുവീണു....

യാത്രാ മംഗളം(ശിവേട്ടന്)

എത്രമേൽ അടുത്തു പ്രിയനേ നാ൦ അന്ത്യ യാത്രയിൽ കൂട്ടില്ലാതെ അകലുകയായ് നീ എത്ര രാത്രികളൊരുമിച്ചു നാ൦ എത്ര പകലുകൾ പങ്കിട്ടു നാ൦ സ്വപ്നങ്ങളുടെ താഴ്വാരങ്ങളിൽ എത്ര നാൾ പൂക്കൾ കണ്ടു നാ൦ നാമറിയാതെ അവസാനിക്കുന്ന നിമിഷത്തിൽ പരസ്പ്പരമറിയിക്കാതെ യാത്രയാവുന്നു നാ൦ ഉറ്റവർ വിതുമ്പുന്നു സൗഹൃദങ്ങൾ ഞങ്ങൾ തേങ്ങുന്നു ഇതുവല്ലതുമറിയുന്നോ നീ ? എത്ര പുസ്തകങ്ങൾ അക്ഷരമറിയാത്ത നീതന്നുപ്രിയനേ എങ്ങിനെ ഞാൻ കടം വീട്ടേണ്ടൂ ? പറയൂ നിന്റെ ഇനിയൊരിക്കലും ചലിക്കാത്ത നാവുമായ്, ഇനിയൊരിക്കലും കാണാത്ത കണ്ണുമായ്..... വയ്യ ഇനി വരും തലമുറയ്ക്ക് കല്പാന്തകാലമായ് പോയ് മറഞ്ഞു നീ മരണമെത്രമേൽ ക്രൂരമാണ് മരണമെത്രമേൽ പുണ്യമാണ് മറവിയതിലുമെത്രമേലനുഗ്രഹം അതിലുമെത്രയോ ദീർഘമീനൊമ്പര സ്മൃതി വാക്കു വിറച്ച പകൽ എഴുത്തു മരവിച്ച രാത്രി പകരമാവില്ലൊന്നും... ഒന്നും പണവും പകിട്ടുമെല്ലാം നോക്കുകുത്തികൾമാത്രം.... ഇന്ന് ആത്മക്കളുടെ നാട്ടിൽ അതിഥി നീയിന്ന് ഇനിസ്ഥിരം വാസവുമവിടെതന്നെ ഹൃദയം നീറുകയെങ്കിലും പറയുന്നൂ യാത്രാ മംഗളങ്ങൾ.........! കതിരേഷ് പാലക്കാട്

ചെറുകവിതകൾ **** - പ്രവാസി -****

സ്വപ്നങ്ങളെല്ലാം ബന്ധിച്ച ഹൃദയത്തിന്റെ മർത്യജന്മ കോലങ്ങളിൽ വേഷംകെട്ടിയാടുന്നോൻ പ്രവാസി ***** കത്തുകളിൽ രക്തംബന്ധം ശ്വസിക്കുന്ന വ്യർത്ഥജീവിതം അർത്ഥമാക്കിടും വിരഹിയാം കൂട്ടുകാർ പ്രവാസി ***** ഇടവേളയിലീനാടും മലയും ഹൃദയതന്തുവിൽ ചേർത്തുവച്ച് ഒരുമാസത്തെ ഒഴിവുദിനം ഭൂമിയിൽ സ്വർഗ്ഗമാക്കും പ്രവാസി ****** വിയർപ്പിൻ ഗന്ധമുയരുന്നുണ്ട് അകലെയാണെങ്കിലും പ്രവാസി അരികുപോൽ തോന്നിക്കും ഈ ഐ. എം. ഓ ചാറ്റിടത്തിൽ. ****** മഴവന്നു തോരുമാ കുടിലൊന്ന് ഓടുമേയാൻ മണിമാളിക പണിയുന്നു ആ മരുഭൂവിൽ പ്രവാസി ****** പ്രവാസിചങ്ങാതി വരുമല്ലോ ഗൾഫ് മിഠായി തരുമല്ലോ ഷർട്ടിലടിക്കാൻ പെർഫ്യൂമും ഗേമുകളിക്കാൻ മൊബൈലും ഉണ്ണിയുടുക്കാനുടുപ്പും കൊണ്ടു വന്നു തരുമല്ലോ...!  ******* കാത്തിരിപ്പുണ്ട് പലതും വയലേലക്കിളിയും മൂവാണ്ടൻ മാവും മുറ്റത്തേ വണ്ടിയും താലികെട്ടി കൊണ്ടുവന്ന ആത്മസഖിയുടെ മനസ്സും ശരീരവും, അടുത്ത മാസം ലീവുകിട്ടും ഈ സന്ധ്യയും പ്രതീക്ഷയേകും. കാത്തിരുപ്പതായീ- പ്രവാസിതൻ മനംവീണ്ടും.  ****** കണ്ണുമുടി തുറക്കവേ ഉമ്മറ ചായ്പ്പിൽ ഒരു പുഴ മഴപെയ്ത് തോർന്ന പുലരി ഇല്ലിമുളം പൂ...

തിര

Image

ഒറ്റയാൻ

ഒറ്റയാനെ പേടിയാണെല്ലാവർക്കും ഒറ്റയാന, ഒറ്റപ്പന, ഒറ്റമൈന, ഒറ്റയാൽ കുതിച്ചുപായും തീവണ്ടിയിൽ ഒറ്റയാൾ ബോഗികൾ ഒറ്റക്കണ്ണന്റെ ഒളിനോട്ടങ്ങൾ ഒറ്റകൈയ്യന്റെ കിതപ്പുകൾ ചില ഒറ്റപ്പെടലുകളേയും പേടിയാണെല്ലാവർക്കും ചില ഒറ്റയാനുകളെ. ഏകാന്തതകളിൽ ഞാനൊറ്റയ്ക്കായിരുന്നോ ? ഒരാകാശം, ഒരുകടൽ, ഒരുസന്ധ്യ ഒരുനിലാവ്, ഒരുപ്രഭാതം ഞാനൊറ്റയ്ക്കു കാണുമ്പോൾ ? ഒരുമഴ ഒറ്റയ്ക്കു നനയുമ്പോൾ ഒരുകവിത ഞാൻ ഒറ്റയ്ക്കു വായിക്കുമ്പോൾ, കുത്തിക്കുറിക്കുമ്പോൾ ? ഒറ്റയാൾ സഞ്ചാരങ്ങളിൽ ഈ ഭൂമി എനിക്കായ് മാത്രം കാഴ്ചകളൊരുക്കുമ്പോൾ ? അഖിലാണ്ഡമണ്ഡലത്തിൽ ആലിപ്പഴം വീഴുമ്പോൾ ഒരു കൈപ്പിടിയിലലിഞ്ഞ് ഇല്ലാതാവുമ്പോൾ ? ഹേയ് ഇല്ല ഈ പ്രപഞ്ചം മുഴുവൻ കൂട്ടിനുണ്ടാവുമ്പോൾ ഞാനൊറ്റപ്പെടുന്നേയില്ലല്ലോ പക്ഷേ, ഒറ്റക്കിരിക്കുമ്പോൾ ഞാൻ ഞാൻമാത്രമായിരുന്നു അതെ, ഒറ്റയ്ക്കിരിക്കുമ്പോൾ നാ൦ നാംമാത്രമാവുന്നു ചില ഒറ്റപ്പെടലുകൾ നല്ലതാണ് നമുക്കുനമ്മെ ഒറ്റക്കൊന്നു തിരിച്ചറിയാൻ...........! കതിരേഷ് പാലക്കാട്

ഓൺലൈൻ യുദ്ധക്കളങ്ങളിൽ കാണുന്നത്

. ........................................ തലക്കുപിടിച്ചാൽ മരുന്നില്ലാത്ത ചില രോഗങ്ങളുണ്ട് വലത്തലങ്ങളിൽ ആർ. സി. സി യെ വെല്ലുന്ന രോഗികളും. ഒരു വാക്കിനാൽ മരവിക്കുന്ന ഹൃദയങ്ങളിൽ കൊന്നമരങ്ങൾ പൂക്കാതിരിക്കുകയും കാറ്റും കടലും വാനവുമെല്ലാം ഒരു നിറത്തിനുമേൽ ഇല്ലാതാവുകയും ചെയ്യുന്നു കുത്തിവയ്ച്ചത് വിഷമെന്നറിഞ്ഞും പല്ലുകൾ ചിരിക്കുകയും വാലുകൾ നീളുകയും  ഹൃദയങ്ങൾ നിവൃതിയടയുകയും ചെയ്യുന്നു . അവിടെ ചോരയുടെ മണവും മനസ്സിന്റെ പിടച്ചിലുകളൊന്നും കേട്ടുകേൾവിയിൽ ലഹരിപിടിച്ച സ്വത്വങ്ങൾക്ക് തിരിച്ചറിഞ്ഞില്ല. ലിംഗഭേദങ്ങളില്ലാതെ പതിയെ സ്വരൂപം പുറത്തുവരുകയും കുത്തിവയ്ച്ച വിഷത്തിന്റെ എച്ചിലുകൾ ആവർത്തിച്ചു തുപ്പുകയും ചെയ്യ്തു. സന്മാർഗ്ഗികൾ തങ്ങളുടെ പിൻതലമുറക്കാരെ നോക്കി മൗനവൃതം വെടിയാതെ നിശ്വസിക്കുകയും, ഓൺലൈൻ തലങ്ങളിൽ ലോകമഹായുദ്ധങ്ങളെനോക്കി ഓർമ്മകൾ അയവിറക്കുകയും ചെയ്യുന്നുണ്ട്. പടനിലങ്ങളിൽ അപ്പോഴും പരസ്പ്പരം വെട്ടിവീഴ്ത്തി അണികൾ ആരവങ്ങളുയർത്തി. മനുഷ്യരെ തിരിച്ചറിയാത്തവർ ദൈവങ്ങളെ ചൊല്ലി രണഭേരി മുഴക്കി. ഒരുവരയിൽ ഒരുവരിയിൽ പ്രധിഷേധാഗ്നി ആളിക്കത്തുമ്പോൾ കലാകാരന്മാർക്കു നേരെ ...

പുഴവഴിയൊരു വെള്ളാരംകല്ല്

മലയിൽ, പുഴയൊഴുകിയ വഴിയേ ഒരുരുളൻ വെള്ളാരംകല്ല് ഉരുണ്ടുരുണ്ടു വരുന്നു ഒന്നിടത്തേക്കും വലത്തേക്കുമായി രണ്ടു പരന്നകല്ലുകൾ തൊട്ടുരുമുന്നു. വറ്റിക്കൊണ്ടിരിക്കുന്ന ചേറ്റുകുഴിയിൽ ആമ്പൽ പൂത്തു നിൽക്കുന്നു. വഴിയിലൊരു ദർഭ്ഭപ്പുല്ല് കഴുത്തുനീട്ടി എത്തിനോക്കുന്നു. നിഴലിനടിയിലെ പായലുകൾ തണുപ്പുകിട്ടാതെ മൊരിയുന്നു നിരങ്ങിയിറങ്ങുന്നതിനിടയിൽ കുതിർന്നുവീണ കാട്ടുചെമ്പകം കാലിൽതട്ടി സുഗന്ധിക്കുന്നു. മടക്കും ചുഴുപ്പും കാട്ടുപൂവും അറിയാതൊന്നു പകച്ചു നോക്കുന്നു ഒരുനിമിഷത്തിൽ ഗതകാലത്തിലെന്നപോൽ നിന്നും- നില്ക്കാതെയും നിന്നിടത്തുനിന്നും വീണ്ടും യാത്ര തുടരുന്നു. ഒടുവിൽ മേലാകെ മണൽവിയർത്തവൾ നില്ക്കുന്നു ആപ്പോഴേക്കും രാവുകഴിഞ്ഞിരുന്നു. സൂര്യനൊന്നു ചുംബിച്ചപ്പോൾ കവിൾതുടുത്ത് കണ്ണിറുക്കി വെറുതേയൊന്നെന്നേ നോക്കി ചിരിക്കുന്നു. കതിരേഷ് പാലക്കാട്

വിരഹിയുടെ മൗനം

വിരഹിയുടെ മൗനത്തിന്റെ ആഴങ്ങളിൽ ഒരിക്കലും മായാത്ത ചില നിഴലുകളുണ്ട് ഒരു കൂരിരുട്ടിനും തുടച്ചുകളയാനാവാത്തത് നിഴലനക്കങ്ങളിൽ ചില മുഖങ്ങളുണ്ട് ജീവിച്ചിരിക്കുന്നവരുടേയും മരിച്ചുപോയവരുടേയും കരളിൻ തേങ്ങലുകലും കവിളിൻ പുഞ്ചിരികളും നിറച്ചാർത്തണിയിച്ചവ മിഴിനീർ വീണുകിളിർത്ത ഞാവലുകൾപോലെ തോട്ടുപാല സന്ധ്യയിൽ പൊഴിയുന്ന പൂക്കൾപോലെ നിഴലാട്ടങ്ങൾ ഏകാകിയുടെ മൗനത്തിന്റെ ആഴത്തിൽ പവിഴംപോൽ തിളങ്ങുന്നു. കതിരേഷ് പാലക്കാട്