മൗനപദം
നിന്നെയോർക്കുമ്പോൾ,
ആശ്രയാന്വേഷിയായ നയനങ്ങൾ
സന്ധ്യാകാശത്ത് നക്ഷത്രംപോലെ
സ്തബ്ദമായി നിൽക്കുന്നു
ഒഴിവാക്കപ്പെട്ടവരുടെ വാക്കുകൾ
മുളങ്കാട്ടിലെ തപ്തവായുവിൽ ലയിക്കുന്നു
മൗനഭേദനത്തിന്റെ ദീക്ഷയെടുപ്പിച്ച്
ദീർഘപദങ്ങൾ നീ ബാക്കിയാക്കുന്നു
ഇരുളണയുമ്പോൾ ചീവിടുകൾ
കീർത്തനം ആലപിക്കുന്നു
നിന്നോ൪മ്മകൾ തരും സുഗന്ധം
വായുവിലൊഴുകുന്നു വെറുതേ
മുളകൊണ്ടുകെട്ടിയ വേലിയിൽ
മിന്നാമിനുങ്ങുകൾ മിന്നിമറയുന്നു
നായ പാറാവുനോക്കുന്ന രാത്രിയിൽ
ഞാൻ ഉറങ്ങാതെ പുതച്ച് കിടക്കുന്നു
ഓർമ്മകളുടെ ആരവങ്ങളിടവിടാതെ
തുള്ളി തുള്ളിയായ് പെയ്യുന്നു വർഷം
മൂടിക്കെട്ടിയ മേഘകൂട്ടുകളിൽ
താരങ്ങളൊളിച്ചുതന്നേയിരുന്നു
തീരങ്ങൾതൻ മൗനം നോക്കി
അലകളുടെ ക്ഷുധിതഗർജ്ജനം കേട്ടു
പതിവില്ലാത്തയശുഭ പ്രലോഭനങ്ങൾ
ഹൃദിയിലൊരു ഭാരം ചുമത്തുന്നു
പ്രത്യക്ഷമാവാത്ത നിന്റെ നിഴൽ
അന്തരാത്മാവിലൊളിച്ചുതന്നെയിരിക്കുന്നു...!
കതിരേഷ് പാലക്കാട്
Comments