Posts

Showing posts from March 25, 2018

ചില 'ജാതി'കൾ

(ആതിരയ്ക്ക് ബാഷ്പ്പാഞ്ജലികൾ) ജാതികളുണ്ട് എപ്പോഴും ചില 'പേരു'കളിൽ തൊലി നിറങ്ങളിൽ താലി കെട്ടുകളിൽ ഉടുത്ത മുണ്ടുകളിൽ മുഖംമറച്ച തോർത്തുകളിൽ ബിരുദ കടലാസുകളിൽ പഠിപ്പിച്ച അദ്യാപകനിൽ അധികാരാസനങ്ങളിൽ നുരകളിൽ പുകകളിൽ വീക്ഷണാന്ധകാരങ്ങളിൽ ഒരു ചെറു തൊടീലിൽ, ഒരു കേട്ടുകേൾവിയിൽ ജാതിയുറച്ച ബുദ്ധികൾ ശീല്ക്കാരം പുറപ്പെടുവിക്കും വിഷ സർപ്പങ്ങളുടെ വായിൽ നീല നുരകൾ പതഞ്ഞു വരും ഫണങ്ങളുയർത്തി ആഞ്ഞു കൊത്തും കരുതിയിരിക്കുക....! കതിരേഷ് പാലക്കാട്

ശിക്ഷ

പുഴകളാണ് ആദ്യം പിടിയിലായത് പിന്നെ കാടുകളും,തച്ചു തകർത്തത് നെഞ്ചിലായിരുന്നത് കൊണ്ട് ശ്വാസം വിടാൻപോലും കുന്നുകൾക്കായില്ല വിചാരണയിൽ  കൈവഴിയിൽ മെയ്യൂറ്റാതെ കടലിലേക്ക് ഒലിച്ചോടിയതായിരുന്നു പുഴ ചെയ്ത കുറ്റം കനത്ത മഴയിലും ഒലിച്ചു പൊകാതെ മണ്ണിനെ പുണർന്നും ശ്വസിക്കാൻ വായുവും വസിക്കാനൊരിടവും കിളികൾക്ക് വെറുതെ കൊടുത്തതിനാണ് കാടുകൾക്ക് തൂക്കുമരം നിറവേറ്റിയത്. ഒന്നിളകാൻ സമ്മതിക്കാതെ അവനിയെ ആവലാധിക്കാരിയാക്കി ഋതുക്കളുടെ താക്കോൽ കൈക്കലാക്കിയതാണ് കുന്നുകൾ ചെയ്ത കുറ്റം.ശിക്ഷ വൈകിയില്ല നെഞ്ചിൽ തോട്ട കേറ്റി പൊട്ടിച്ചെറിഞ്ഞു. പ്രകൃതിയുടെ ശവപ്പറമ്പിനുമേൽ ചത്ത പുഴകളേയും, മരങ്ങളേയും, കൂറാക്കിയ കുന്നിനേയും വെള്ളികൾ കൊടുത്തു വാങ്ങിയപ്പോൾ മനസ്സു നിറയെ മഹാ സൗധങ്ങളായിരുന്നു പണിതു പാലുകാച്ചിയ പ്രഭാതത്തിൽ ലോകം കീഴടക്കിയ നിർവൃതിയും. ഇന്നലെ, വരണ്ടുണങ്ങിയ വയലുകളേയും വറ്റിയ നാവിനേയും നോക്കി പുഴയുടെ അസ്ഥികൾ പുഞ്ചിരിച്ചു ഇളകിമറിഞ്ഞ കുന്നുകൾ അയ്യായിരം സ്ക്വയർഫീറ്റ് വീടിനും മീതെ റിക്ടർ സ്കെയിലിൽ എട്ട് എന്ന് രേഘപ്പെടുത്തി. ചുടലക്കാടുകളിൽ അടുക്കിവയ്ച ശവങ്ങൾക്കുമേൽ കാട്ടുതടികൾ ഒന്നാളിക...

രണ്ടു സമരങ്ങൾ

രണ്ടു സമരങ്ങൾ മറയ്ക്കലും തുറക്കലും ഒന്നാം സമരം മാറു മറയ്ക്കാൻ 1822 ചാന്നാറിൽ മണ്ണിന്റെ മക്കൾ നാലക്ഷരം പഠിക്കാൻ മതംമാറി അറിവു വന്നപ്പോൾ ചിന്തിച്ചു മാറു മറക്കുവാനവകാശം കീഴാളനുമുണ്ടെന്ന്, നായനുമാമേളാലരും വിടുമോ അടിച്ചൊതുക്കലുകൾ അറുംകൊലകൾ മൂന്നു വ്യാഴവട്ടവുമൊരാണ്ടും വേണ്ടിവന്നാ മാറുമറച്ചൊന്നു മേൽശീലയിടാൻ. ഇന്ന് രണ്ടാം സമരം മാറു തുറക്കൽ മാറിടത്തെ വത്തങ്ങയാക്കിയ ഏതോ ഒരു മത്തങ്ങാതലയനുവേണ്ടി മാറു തുറക്കൽ സമരമൊരുങ്ങുന്നൂ ഒരു ചുംബനത്തിൽ വൃണപ്പെട്ടവർ തുറക്കുന്ന മാറുകളെ നോക്കി കുരയ്ക്കാതിരിക്കട്ടേ ഒട്ടിയ ലെഗ്ഗിനുകളും മറ്റെന്തൊക്കെയോ തുറപ്പിക്കട്ടേ വിപ്ലവം പരിണമിച്ച് കന്നിമാസ പട്ടികളാവട്ടെ..... കാണികൾ കല്ലെറിയട്ടേ നമുക്ക് വേണ്ടത് വത്തങ്ങ, മത്തങ്ങ, മാങ്ങകളല്ലല്ലോ....... നമുക്ക് വേണ്ടത് മാറിടങ്ങളാണ്..... മാ'റിട'ങ്ങളാണ്......! കതിരേഷ് പാലക്കാട്

വേനൽ മഴ

വേനൽ മഴ പെയ്തു തകർക്കുന്നു പാലക്കാടൻ പനമരക്കാടുകൾ പരിഭവമില്ലാതെ നനയുന്നു. ഒരു ബസ്സ് യാത്രയിലെ ജാലകയിരുപ്പിടത്തിൽ ഒറ്റയാൾ സഞ്ചാരം. കൊയ്ത്തുപാടങ്ങളിൽ കുതിരുന്ന മണ്ണിന്റെ മണം പാതിതുറന്ന ഷട്ടറിൽ ചാറ്റല്‍മഴ തുള്ളികൾ മുഖത്ത്  കുളിരേകുമ്പോൾ വൈപ്പർ ഡിംബ്രൈറ്റുകളിൽ മഴവില്ല് വിരിയുന്നു. അകലങ്ങളിൽ കൊള്ളിയാൻപോലെ ഇടക്കൊരോ മിന്നൽപ്പിണർ, കുഞ്ഞിടിവെട്ടലുകളെ കടത്തിവെട്ടി ആനവണ്ടി മുരളുന്നു ഇരുളിൻ നിഴൽ തോട്ടങ്ങളിൽ തെങ്ങോലകൾ നൃത്തം വയ്ക്കുന്നു വേനൽ മഴക്കുളിരിൽ മൂടിപ്പുതച്ചുറങ്ങാൻ വാതിൽപ്പടിയിൽ കാത്തുനില്ക്കുന്നു ഒരു 'രാത്രി'.......! കതിരേഷ് പാലക്കാട്

ഒരു വേനൽമഴക്കോള്

കരിമ്പനകൾക്കു മുകളിൽ കാർമുകിൽ വട്ടം കൂടുന്നു കരിയിലകൾ പറത്തി കാറ്റു വീശുന്നു കാക്ക, കുരുവികൾ സൂര്യന്റെ മൗനംകണ്ട് കൂട്ടമായ് കൂടണയുന്നു ഉഷ്ണ്ണമായ മനസ്സും ശിരസ്സും പ്രതീക്ഷയുടെ പുതുമൺ ഗന്ധത്തിനും, കുളിരേകി ചിരി തരുമൊരു വേനൽ മഴയ്ക്കുമായ് കാത്തിരിക്കുന്നു. കതിരേഷ് പാലക്കാട്

ഒരു സന്ധ്യ

വിരഹമോതുന്ന സന്ധ്യ... നിന്റെ പ്രണയത്തിന്റെ ഓർമ്മകളിൽ ഏകാകിയായ് ഞാൻ..... മൗനങ്ങളുടെ ഈ ചുവന്ന താഴ്വാരത്ത്  എന്നെ മാത്രം തനിച്ചാക്കി അകലങ്ങളിൽ നിഴലായ് നീ........ പ്രണയമാണ്.. പ്രണയമാണുപെണ്ണേ ആ പുഞ്ചിരിയോട്, കൺമഷി കണ്ണിനോട്, ആ കവിളിനോട്, ആ കുഞ്ഞു മൂക്കുത്തിയോട്........ അടരുവതെങ്ങിനെ ഞാൻ ഈ വിരഹജാലകത്തിനിപ്പുറം.......! കതിരേഷ് പാലക്കാട്

രണ്ടു ശിലകൾ....

രണ്ടു ശിലകൾ ഒന്നു വഴിപാടിന്റെയും വേറോന്ന് വഴികാട്ടലിന്റേയും ഒരുശില യുദ്ധങ്ങളിലൂടെ സത്യധർമ്മം പഠിപ്പിച്ചു മറുശില വിപ്ലവങ്ങളിലൂടെ ധാർമ്മികതമൂല്യം പഠിപ്പിച്ചു. ആശയങ്ങൾ രണ്ടും മനുഷ്യ വിമോചനത്തിതു വേണ്ടി, ഒന്നു ദർഭ്ഭ പുല്ലുകൾകൊണ്ടും വേറൊന്ന് ദണ്ഡുകൾകൊണ്ടും ചരിത്രമെഴുതി. സത്യധർമ്മക്കാർ പ്രവൃത്തിയിൽനിന്നും വെറും പ്രഭാഷണങ്ങളിലേക്കും ആശയത്തിൽ നിന്നും ഹിംസയിലേക്കും ചുവടു വയ്ചപ്പോൾ, വിപ്ലവം വിജയിച്ച ധാർമ്മികതക്കാർ ആശയങ്ങളെ പ്രാവർത്തികമാക്കാതെ നോക്കുകുത്തികളായി നിന്നു. ഇന്ന്, ഇന്നലകളറിയാത്ത, സത്യധർമ്മം അറിയാത്ത കുറേ വഴിപാടു- ഭ്രാന്തൻന്മാർ വഴികാട്ടി ശിലകളെ തച്ചു തകർക്കുന്നു. വഴികാട്ടിയുടെ പിൻതലമുറക്കാർ വഴിപാടുവർഗ്ഗീയതയെ ചൂണ്ടിക്കാട്ടി, അധികാരം കൈവന്നിട്ടും നിറവേറ്റപ്പെടാത്ത ആശയങ്ങളെ നോക്കി മുദ്രാവാക്ക്യങ്ങൾ വിളിക്കുന്നു. എല്ലാം കണ്ടും കേട്ടും രണ്ടു ശിലകളും, ശിലകളുടെ യഥാര്‍ത്ഥ അനുയായികളും മൂർദ്ധശ്വാസം വലിക്കുന്നുണ്ടായിരുന്നു. കതിരേഷ് പാലക്കാട്