ശിക്ഷ
പുഴകളാണ് ആദ്യം പിടിയിലായത്
പിന്നെ കാടുകളും,തച്ചു തകർത്തത്
നെഞ്ചിലായിരുന്നത് കൊണ്ട്
ശ്വാസം വിടാൻപോലും കുന്നുകൾക്കായില്ല
വിചാരണയിൽ കൈവഴിയിൽ മെയ്യൂറ്റാതെ കടലിലേക്ക്
ഒലിച്ചോടിയതായിരുന്നു പുഴ
ചെയ്ത കുറ്റം
കനത്ത മഴയിലും ഒലിച്ചു പൊകാതെ
മണ്ണിനെ പുണർന്നും
ശ്വസിക്കാൻ വായുവും വസിക്കാനൊരിടവും കിളികൾക്ക്
വെറുതെ കൊടുത്തതിനാണ് കാടുകൾക്ക് തൂക്കുമരം നിറവേറ്റിയത്.
ഒന്നിളകാൻ സമ്മതിക്കാതെ
അവനിയെ ആവലാധിക്കാരിയാക്കി
ഋതുക്കളുടെ താക്കോൽ കൈക്കലാക്കിയതാണ് കുന്നുകൾ ചെയ്ത കുറ്റം.ശിക്ഷ വൈകിയില്ല നെഞ്ചിൽ തോട്ട കേറ്റി പൊട്ടിച്ചെറിഞ്ഞു.
പ്രകൃതിയുടെ ശവപ്പറമ്പിനുമേൽ
ചത്ത പുഴകളേയും, മരങ്ങളേയും, കൂറാക്കിയ കുന്നിനേയും വെള്ളികൾ കൊടുത്തു വാങ്ങിയപ്പോൾ മനസ്സു നിറയെ മഹാ സൗധങ്ങളായിരുന്നു
പണിതു പാലുകാച്ചിയ പ്രഭാതത്തിൽ
ലോകം കീഴടക്കിയ നിർവൃതിയും.
ഇന്നലെ,
വരണ്ടുണങ്ങിയ വയലുകളേയും
വറ്റിയ നാവിനേയും നോക്കി
പുഴയുടെ അസ്ഥികൾ പുഞ്ചിരിച്ചു
ഇളകിമറിഞ്ഞ കുന്നുകൾ അയ്യായിരം
സ്ക്വയർഫീറ്റ് വീടിനും മീതെ റിക്ടർ സ്കെയിലിൽ എട്ട് എന്ന് രേഘപ്പെടുത്തി.
ചുടലക്കാടുകളിൽ അടുക്കിവയ്ച
ശവങ്ങൾക്കുമേൽ കാട്ടുതടികൾ
ഒന്നാളികത്തി ഭസ്മമായി.
ദൂരെ വയൽകിളികൾ, നികത്താൻ
പൊകുന്ന വയൽ വരമ്പുകളിലിരുന്ന്
ആർക്കോ വേണ്ടി മുദ്രാവാക്ക്യങ്ങൾ
വിളിക്കുന്നുണ്ടായിരുന്നു.
കതിരേഷ് പാലക്കാട്
Comments