ഒറ്റയാൻ
ഒറ്റയാനെ
പേടിയാണെല്ലാവർക്കും
ഒറ്റയാന, ഒറ്റപ്പന,
ഒറ്റമൈന, ഒറ്റയാൽ
കുതിച്ചുപായും തീവണ്ടിയിൽ
ഒറ്റയാൾ ബോഗികൾ
ഒറ്റക്കണ്ണന്റെ ഒളിനോട്ടങ്ങൾ
ഒറ്റകൈയ്യന്റെ കിതപ്പുകൾ
ചില ഒറ്റപ്പെടലുകളേയും
പേടിയാണെല്ലാവർക്കും
ചില ഒറ്റയാനുകളെ.
ഏകാന്തതകളിൽ
ഞാനൊറ്റയ്ക്കായിരുന്നോ ?
ഒരാകാശം, ഒരുകടൽ, ഒരുസന്ധ്യ
ഒരുനിലാവ്, ഒരുപ്രഭാതം
ഞാനൊറ്റയ്ക്കു കാണുമ്പോൾ ?
ഒരുമഴ ഒറ്റയ്ക്കു നനയുമ്പോൾ
ഒരുകവിത ഞാൻ ഒറ്റയ്ക്കു
വായിക്കുമ്പോൾ,
കുത്തിക്കുറിക്കുമ്പോൾ ?
ഒറ്റയാൾ സഞ്ചാരങ്ങളിൽ
ഈ ഭൂമി എനിക്കായ് മാത്രം
കാഴ്ചകളൊരുക്കുമ്പോൾ ?
അഖിലാണ്ഡമണ്ഡലത്തിൽ
ആലിപ്പഴം വീഴുമ്പോൾ
ഒരു കൈപ്പിടിയിലലിഞ്ഞ്
ഇല്ലാതാവുമ്പോൾ ?
ഹേയ് ഇല്ല
ഈ പ്രപഞ്ചം മുഴുവൻ
കൂട്ടിനുണ്ടാവുമ്പോൾ
ഞാനൊറ്റപ്പെടുന്നേയില്ലല്ലോ
പക്ഷേ,
ഒറ്റക്കിരിക്കുമ്പോൾ ഞാൻ
ഞാൻമാത്രമായിരുന്നു
അതെ,
ഒറ്റയ്ക്കിരിക്കുമ്പോൾ
നാ൦ നാംമാത്രമാവുന്നു
ചില ഒറ്റപ്പെടലുകൾ
നല്ലതാണ് നമുക്കുനമ്മെ
ഒറ്റക്കൊന്നു തിരിച്ചറിയാൻ...........!
കതിരേഷ് പാലക്കാട്
Comments