പുനർപരിണാമം
......................
കളഞ്ഞുപോയ ജീവിതത്തെ
എങ്ങിനെയാണ് വീണ്ടെടുക്കുക?
പറ്റിപ്പോയ തെറ്റുകളെല്ലാം പെറുക്കിയെടുത്ത് ചുട്ടെരിച്ച്
ഗംഗയിൽ കൊണ്ടുപോയി ഒഴുക്കിവിടാം
ഹൃദയത്തിൽ കൂടിയ കറുത്ത
നിമിഷങ്ങളെ കാർമുകിലാക്കി
ശുദ്ധമഴയായ് പെയ്തൊഴിക്കാം
വിട്ടുപോയ അദ്ധ്യായങ്ങൾ കീറിയെടുത്ത്
പുറംചട്ടയിട്ട് പുസ്തകമാക്കി ആദ്യം മുതൽ വായിച്ചു തുടങ്ങാം
എഴുതിപ്പോയ കവിതയിൽ
സ്വരങ്ങളെ വ്യഞ്ജനങ്ങളെ
ചില്ലുകളെ കൂട്ടുകളെയെല്ലാം
മോചിപ്പിച്ച് വീണ്ടും അക്ഷരങ്ങളാക്കി നിലനിർത്താം, എഴുതിയ വായിച്ച
അർത്ഥങ്ങളെല്ലാമങ്ങിനെ മായ്ച്ചു കളയാം
ഒഴുക്കിയ കണ്ണുനീരുകളുടെ
ഉപ്പുകൾ അരിച്ചെടുത്ത്
അടുത്ത കറിക്ക് പാകത്തിനിടാം.
നന്മയിൽ ചിരിച്ചനിമിഷങ്ങളൊക്കെയും പൊതിഞ്ഞ് ഓർമ്മതൻഭാണ്ഡത്തിൽ
മറക്കാതെ സൂക്ഷിക്കാം
കാലത്തെ തിരിച്ചുവിട്ട് ശിശുവായി, ഭ്രൂണമായി, ശുക്ലമായി, കാമമായി തിരികേപോവാം.
അങ്ങിനെ ജന്മജന്മാന്തരങ്ങൾ പുറകേ നടന്ന് ഹോമോസാപ്പിയനിൽ നിന്നും ഹോമോഹാബിലിസും താണ്ടി
ഭൂമിതൻ പരിണാമത്തിനടുത്ത നിമിഷം
ജീവന്റെ കണമായി വീണ്ടും ജനിക്കാം.
ഓർമ്മതൻ ഭാണ്ഡമഴിച്ച്
നന്മതൻ വിത്തുപാകി
നല്ലോരു ഭൂമി വിളയിച്ചെടുക്കാം.......!
കതിരേഷ് പാലക്കാട്
Comments