പുഴവഴിയൊരു വെള്ളാരംകല്ല്
മലയിൽ,
പുഴയൊഴുകിയ വഴിയേ
ഒരുരുളൻ വെള്ളാരംകല്ല്
ഉരുണ്ടുരുണ്ടു വരുന്നു
ഒന്നിടത്തേക്കും
വലത്തേക്കുമായി
രണ്ടു പരന്നകല്ലുകൾ
തൊട്ടുരുമുന്നു.
വറ്റിക്കൊണ്ടിരിക്കുന്ന
ചേറ്റുകുഴിയിൽ ആമ്പൽ
പൂത്തു നിൽക്കുന്നു.
വഴിയിലൊരു ദർഭ്ഭപ്പുല്ല്
കഴുത്തുനീട്ടി എത്തിനോക്കുന്നു.
നിഴലിനടിയിലെ പായലുകൾ
തണുപ്പുകിട്ടാതെ മൊരിയുന്നു
നിരങ്ങിയിറങ്ങുന്നതിനിടയിൽ
കുതിർന്നുവീണ കാട്ടുചെമ്പകം
കാലിൽതട്ടി സുഗന്ധിക്കുന്നു.
മടക്കും ചുഴുപ്പും കാട്ടുപൂവും
അറിയാതൊന്നു പകച്ചു നോക്കുന്നു
ഒരുനിമിഷത്തിൽ ഗതകാലത്തിലെന്നപോൽ നിന്നും-
നില്ക്കാതെയും നിന്നിടത്തുനിന്നും
വീണ്ടും യാത്ര തുടരുന്നു.
ഒടുവിൽ മേലാകെ
മണൽവിയർത്തവൾ നില്ക്കുന്നു
ആപ്പോഴേക്കും രാവുകഴിഞ്ഞിരുന്നു.
സൂര്യനൊന്നു ചുംബിച്ചപ്പോൾ
കവിൾതുടുത്ത് കണ്ണിറുക്കി
വെറുതേയൊന്നെന്നേ നോക്കി
ചിരിക്കുന്നു.
കതിരേഷ് പാലക്കാട്
Comments