അവളും ഞാനും


****************"
അവളും
ഞാനുമെന്നാൽ
ഗതകാലത്തിൽ
പുഞ്ചിരികോണ്ട്
പരിചയപ്പെട്ടവർ
വഴികൾ
ഒന്നെങ്കിലും
ഇതുവരെ
ദിക്കുകൾ
കാണാത്തവർ
കടലിൽ,
ഞാൻ തിരയും
അവൾ ആഴങ്ങളുമായവൾ
പേരിൻ്റെ അറ്റത്ത്,
ഞാൻ നാടും
അവൾ നാടുവാഴിത്തവും
പേറി നടക്കുന്നവർ
നിറങ്ങളിൽ
അവൾ നിലാവും
ഞാൻ ഇരുട്ടും
നക്ഷത്രങ്ങളുടെ ഇടയിൽ
ഞങ്ങളന്യരുമായവർ
പണം കോണ്ട്
ഞാൻ പട്ടിണി
ഒളിപ്പിച്ച തുട്ടും
അവൾ ഗോഡ്സേ
തുളപ്പിച്ച നോട്ടും
ആശയം കോണ്ട്
അവൾ
ദൈവവും
ഞാനൊരു
അവിശ്വാസിയും
സാമ്യത,
ഞാനും
അവളും
ഹൃദയങ്ങളിൽ
നന്മ മുളപ്പിക്കുന്നവർ
നീറ്റലിൽ ഒരു പുഞ്ചിരിയും
കൊണ്ടുനടക്കുന്നവർ
പ്രണയത്തിൽ,
രണ്ടു കടലുകളുടെ
ഇരുകരകളിൽ
ഇരു വലകളിൽ കുടുങ്ങി
വഞ്ചിതരായവർ
യാത്രകളിൽ,
ഏകാന്തതയുടെ
ഒടുവിലത്തെ അറ്റത്ത്
അവൾ ആത്മീയതയേയും
ഞാൻ കവിതയേയും
തേടി നടക്കുന്നവർ
എന്നെങ്കിലും
ഒരിക്കൽ
എനിക്ക് അവളുടെ
കണ്ണുകളെ നോക്കി
ഒരു കവിതയെഴുതണമെന്നു-
ണ്ടായിരുന്നു
ചുണ്ടുകളിൽ
വാക്കുകളുടെ ചുംബനംകൊണ്ട്
മനസ്സ് തുറക്കണമെന്ന്
മോഹിച്ചിരുന്നു
പക്ഷേ
കാലം
അതൊരു
കാത്തിരിപ്പുകൾ-
ഞൊറിഞ്ഞ
മോഹങ്ങളുടെ
ചുടലപ്പറമ്പാണ്
ഓർമ്മകൾ മാത്രം
കത്തിയെരിയുന്ന തരിശ്ശ്
പ്രണയമല്ലിത്
ഒറ്റപ്പെടലുകളുടെ
നദിക്കരയിൽ
ഒരു കവിത പേറുന്ന
വിരഹം മാത്രം.....
അവളും ഞാനും.......!
കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......