കവിയുടെ അടുക്കള (ശാന്ത പെങ്ങളിന് )


എത്ര കൂട്ടുകളെ
ഊട്ടിയിരിക്കുന്നാ തീന്മേശ
എത്രയെത്ര സ്നേഹ
തലോടലുകൾ തന്നിലേക്ക്
ചേർത്തിരിക്കുന്നാ കിണ്ണങ്ങൾ
എത്രയെത്ര ചുംബനങ്ങൾ
ഏറ്റുവാങ്ങി ആ ഗ്ലാസുകൾ
ആ വാതിലുകൾ
അടയാറേയില്ല ഒരിക്കലും
ചുമരുകളിൽ അടുപ്പിന്റെ
കരികളല്ല , ആളിക്കത്തിയ
സ്വപ്നങ്ങളുടെ നിറമാണത്
ഗതകാലത്തിൽ വറ്റിയിരുന്ന
ചോറ്റുപാത്രങ്ങളുടെ
വേദനയേയാണ് അവ ഒളിപ്പിച്ചു
വയ്ച്ചിരിക്കുന്നത്
അതിഥികളുടെ വരികളേയല്ല
മനസ്സു വായിച്ചെടുക്കുന്ന
പാചകക്കാരിയാണ് കവിയുടെ ഭാര്യ
അതുകൊണ്ട് തന്നെ പഞ്ചസാരയോടൊപ്പം
ഇത്തിരി പുഞ്ചിരിയും ആ ചായയിൽ
കലർത്തിയിടും എപ്പോഴും
ഹൃദയം എത്ര മധുരിക്കുമെന്നോ....
കറികളിൽ ഉപ്പോടൊപ്പം
പാകത്തിന് സ്നേഹവും ചേർത്തിടും
എത്ര രുചിയാണെന്നോ ....
കവിയേപ്പോലെതന്നെ
കൂട്ടുകളുടെ വലിപ്പമല്ല
അവരുടെ വിശപ്പുകളെയാണവർ
ചേർത്ത് പിടിക്കുന്നത്
അന്ന് ,
കവിയരങ്ങുകൾ കഴിഞ്ഞു
യാത്ര ചോദിച്ചപ്പോഴും അവർ
അടുക്കളയിൽ എനിക്ക് ചായ ഉണ്ടാക്കുന്ന
തിരക്കിലായിരുന്നു
വീട്ടിലേക്കുള്ള വഴികളിലെല്ലാം
കൂടെ പിറക്കാത്ത ആ പെങ്ങളും
ഹൃദയം നിറച്ച അടുക്കളയുമായിരുന്നു
മനസ്സു നിറയെ.
മഴവീടിന്റെ യാത്രാമൊഴി
ഇങ്ങനേയായിരുന്നു
"ഇടയ്ക്കൊക്കെ ഇവിടേക്കു വരണം
ഒരു നേരത്തെ ചോറുബാക്കിയുണ്ടാവും
ഇവിടെയെപ്പോഴും ,കിടക്കാനോരു ചായ്പ്പും
സ്നേഹിക്കാനൊരു പെങ്ങളും
ഓർമ്മകൾ ഒരുക്കാനൊരു
അടുക്കളയും ഉണ്ടാവും എപ്പോഴും ...."

കതിരേഷ് പാലക്കാട് (പവിത്രൻ തീക്കുനി മാഷിന്റെ മഴ വീടും ഭാര്യ ശാന്ത ചേച്ചിയും)  

Comments

Popular posts from this blog

സത്യം