കടലിലേക്കുള്ള വഴി


മലയുടെ ഭൂപടം
കടലിലേക്ക് നീളുന്നു
വരൂ ഒരു യാത്ര പോകാം

കൈകോർത്തിങ്ങനേ-
പോയ് കാടുകൾ താണ്ടിടാം
മഴയേറ്റു കുളിർന്ന്
പുഴയ്യായ് മരിച്ചിടാം

നീലിമ തന്ത്രികളിൽ
സ്നേഹം മീട്ടുന്ന
സഹ്യന്റെ മാറിൽ
ചൂടേറ്റുകിടന്നാ-
ചാപല്യം തീർത്തീടാം

മുകിൽ കറുക്കുമ്പോൾ
പീലികൾ വിടർത്തി
താരകം പോലെ
തുള്ളിക്കളിച്ചിടാം

ഋതുഭേദങ്ങളിൽ
രണ്ടിലകളിൽ നിന്നും
പൂക്കൾ വിടരുന്ന
സ്വപ്നങ്ങൾ കണ്ടിടാം

ഇരുട്ടിന്റെ തടവറയിൽ
നിലാവ് പോലൊരു
ചുംബനം പകരാം

നേർത്തു നേർത്തൊരാ
നീർച്ചാലുകളായ്
നാട്, നഗരങ്ങൾചുറ്റി
ജീവിത കടലിൽ
സ്നേഹമായ് അലിഞ്ഞിടാം......!

കതിരേഷ് പാലക്കാട്

Comments