പൂമുഖത്തിനപ്പുറത്തെ കവിത(കവി)


പൂമുഖത്തിൽ അലങ്കരിച്ച
കവിതകൾകടന്ന്
അകത്തളങ്ങളിലേക്ക്
യാത്ര വരുമ്പോൾ
പുഞ്ചിരി പൂശിയ ചുമരുകളിൽ
വിള്ളലേറ്റ കവിയുടെ ജീവിതം
നോവുതീരാത്ത അടുക്കളയിൽ
വേദനപുകയുന്ന നിശ്വാസങ്ങൾ
നിദ്രകൾ അന്യമായ
സ്വപ്നങ്ങളുടെ കിടക്കമുറി
കണ്ണുനീർ ഗന്ധമുള്ള
രണ്ട് തലയിണകൾ
പുസ്തകം നിറഞ്ഞ
മേശയിൽ പൂർണ്ണതയിൽ
എത്താൻ കാത്തിരിക്കുന്ന
കവിതകൾ ,അരികിൽ
ഒരു മുടന്തൻ കസേര
പിന്നാമ്പുറങ്ങളിൽ
മറുതുണികൾ തൂക്കിയിട്ട
ഏച്ചുകെട്ടിയ അയലുകൾ
തൊടിയിൽ നിറയെ
വറുതിയുടെ കവിതകേട്ട്
നിത്യവും പൂക്കുന്ന പൂച്ചെടികൾ
അതിർത്തിയിൽ
ഒരു കനൽമാത്രം
നെഞ്ചിലേറ്റി
കത്തിയമരുന്ന
കരിയില കുന്നുകൾ
കാട്ടുപൂക്കളോടൊപ്പം
ചുട്ടു ചാമ്പലായ കവിയുടെ
പ്രതീക്ഷകൾ , അതിൽ
വിശപ്പ് ചികയുന്ന രണ്ട്
കോഴി കുഞ്ഞുങ്ങൾ
കവിതയുടെ നിറങ്ങൾപേറുന്ന
ജാലകങ്ങൾക്കപ്പുറം വല്ലപ്പോഴും
വെറുതേയൊന്നെത്തിനോക്കുക
ഞങ്ങളുടെ ഈ വറുതിനിറഞ്ഞ 
താഴ്വാരങ്ങളിലേയ്ക്കും........!


കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......