പ്രണയിക്കുമ്പോൾ..............

പ്രണയിക്കുമ്പോൾ
ആത്മാവിൽ ശ്രുതി തുടിപ്പുള്ള
പാട്ടുകാരിയെ പ്രണയിക്കുക
ജീവിത രസ-ഭാവ നിമിഷങ്ങളിൽ
കോരിത്തരിപ്പിക്കു-മുണർവേകും
നിറ കണ്ണിൽ നീരന്ദ്ര കാഴ്ചയേകും
ഹൃദയത്തിൽ നിറമധുരച്ചുവയേകും
പ്രഭാതങ്ങളിൽ ഹിമകണങ്ങളാ -
പുൽത്തട്ടിലെന്നപോൽ
'ബിലാവൽ' പൊഴിച്ചുണർത്തുമവൾ
'ജോഗ്' തൊടുത്തയധരവുമായ്
നിദ്രാച്ചടവുകൾ മാറ്റിടുമവൾ
തോർത്തിയ മേനിയുലരും മുന്നേ
'ഭൈരവ'യുണർവുകൾ നിറക്കും നിന്നിൽ
മധുര കോകില മൊഴികളാലെന്നും
'മോഹന' സൗഗന്ധികം തുളുമ്പിനിൽക്കും
നിനവിന്റെ പകലാഴങ്ങളിൽ
'സാരംഗി' പൂത്ത കടമ്പുമരമാവും
തർക്കനേരങ്ങളിൽ തമ്മിലടികളിൽ
'ഭാഗേശ്രീ' പാടി ജ്വലിക്കുമവൾ
ഇണക്കങ്ങളുടെ താഴ്വാരത്തിൽ
'പീലു' പൊഴിച്ചു കേഴാതെ നോക്കുക
വാരിപ്പുണർന്ന്ന്നു നെഞ്ചോടു ചേർക്കുക, 'ഭൂപാളി' രാഗപുഞ്ചിരി
നെഞ്ചകതുടിപ്പിൻ വാതിലിൽ കേൾക്കാം
കൈതപ്പൂ മണമുള്ള കാട്ടുവഴികളിൽ
'പഹാഡി' പാടി തൃത്തം ചെയ്യാം
കടൽ കാറ്റുകളിൽ കൈകോർത്തു
നടന്ന സന്ധ്യകൾ മായുമ്പോൾ
ആകാശഗോപുര ദീപങ്ങൾ തെളിച്ച്
'ബിംപലാസി' തൻ ആകാംശയേകും
ഇന്ദ്രിയ ജാലക ദാഹംകെടുത്തുവാൻ
ഒരു മേഘമായ് പെയ്തുവീഴുമവൾ
ഹർഷോന്മാദങ്ങൾക്കാരവം
നിലക്കുമ്പോളാപരിഭവത്തിങ്കൾ
പാതിയുറങ്ങിയുമുറങ്ങാതെ കിടന്ന്
അനന്തയാമത്തിൽ 'നീലാംബരി'
പതിയേ കാതിൽ പാടിയുറക്കും
വിധി വൈരുദ്ധ്യത്താൽ നീ
മൃതിയടഞ്ഞാലും, കരയാതെ
' ബിലഹരി'യാലപിക്കും
കരയാതെ 'ബിലഹരി'യാലപിക്കും
മൃത ശരീര മുറിവുകളിൽ
ആത്മാവ് പിന്നെയും കുടിയിരിക്കും
കനിവോടെ നീയും പുനർജനിക്കും
പ്രണയിക്കുമ്പോൾ
ആത്മാവിൽ ശ്രുതി തുടിപ്പുള്ള
പാട്ടുകാരിയെ പ്രണയിക്കുക.....
പ്രണയിക്കുമ്പോൾ
ആത്മാവിൽ ശ്രുതി തുടിപ്പുള്ള
പാട്ടുകാരിയെ പ്രണയിക്കുക..........!
കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......