ധന്യത
ലോകം മൊത്തം ഒന്നു കറങ്ങണം
മദന നഗര വീഥികളിൽ
പച്ചയായ ഗ്രാമ നിരത്തുകളിൽ
കാടുകളിൽ കനൽ കുന്നുകളിൽ
മണലാര്യണ്യങ്ങളിൽ മരുപച്ചകളിൽ
കടലാഴങ്ങളിൽ കായൽപ്പാടങ്ങളിൽ
വിശപ്പിനാൽ ജീവൻ പൊലിയുന്ന
ചുടലക്കാടുകളിൽ ചുറ്റിത്തിരിഞ്ഞ്
മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക്
ദേശ ഭാഷകളിൽ സംസ്കാരങ്ങളിൽ
അറിയാത്ത മൊഴികളിൽ
ആശയവിനിമയം നടത്തേണം
അറിയുന്ന ഭാഷയിൽ
കഴിയാവുന്നത്ര എഴുതണം
ആഗ്രഹങ്ങളാൽ സമ്പന്നമായ
മനസ്സ്, കാലി കീശ, റേഷനരിക്കഞ്ഞി,
മുളക് ചമ്മന്തി ഇന്നത്തെരാത്രി കുശാൽ
കഷ്ടപ്പാടുകളിൽ ചിരിക്കാൻ
കഴിയുന്നുണ്ട്, തുടരും തോൽവികളിൽ
പതറാത്ത മനസ്സുണ്ട്, ഉറക്കങ്ങളിൽ
സ്വപ്നങ്ങൾ വരുന്നുണ്ട്
അല്ലയോ ഞാനെത്ര ധന്യൻ.......!
കതിരേഷ് പാലക്കാട്
Comments