വറുതിയുടെ ദേശം
പട്ടിണിയെന്നാൽ
കുത്തി നിറച്ചു
ചീർത്തയുടലുകൾ
കലോറി കത്തിക്കാൻ
ഒഴിവാക്കുന്ന മാംസ
കഷണങ്ങളല്ല
പട്ടിണി ഒരു ദേശമാണ്
വറുതിയുടെ താഴ്‌വാരങ്ങളിൽ
വികാരങ്ങൾ കൊണ്ട് ഉടലെടുത്തത്
അവിടെ ഒരേയൊരു സംസ്ക്കാരം
വിശപ്പ് മാത്രം
അവിടെ മുലകളിൽ
ചുരക്കുന്നത് പാലല്ല
വെടിയുണ്ടകൾ തുളച്ച്
പൊടിയുന്ന രക്തം മാത്രം
നിഷേധങ്ങളുടെ
വാൾത്തലപ്പുകൾ
ആവർത്തിച്ച് കുത്തുന്ന
നീലിച്ച മുറിവുകൾ മാത്രം
അവിടെ തണുപ്പുകളില്ല
എല്ലിച്ച് പൊള്ളുന്ന
നിശ്വാസങ്ങളുടെ
ഉണങ്ങിയ കാടുകൾ മാത്രം
അവിടെ സ്വപ്നങ്ങളുടെ
ആകാശമില്ല,
എന്തിന് അന്നത്തിലുപരി
സ്വപ്നങ്ങളേയില്ല
സമൃദ്ധരെന്ന് പറയാൻ
ശവംതീനി കഴുകന്മാർ മാത്രം
അവിടെ ആഘോഷങ്ങളുടെ
ആരവങ്ങളില്ല
കരൾവറ്റി ചീർത്ത കുടലിൻ
നിലവിളികൾ മാത്രം
കണ്ണുകളെ നോക്കുക
പ്രതീക്ഷയുടെ അവസാന
വെളിച്ചവും കെട്ടുപോയ
മഞ്ഞളിച്ച സന്ധ്യ മാത്രം
ഏതു നിമിഷത്തിലും
ഇരുണ്ടു പോയേക്കാം
ദാഹിച്ചു വറ്റിയ പുഴക്കരയിൽ
കിണറുകൾ കുഴിക്കാറുണ്ടവർ
വയർവറ്റി ചത്തവരുടെ
ശവപ്പറമ്പിനായ് മാത്രം
അവിടെ നിന്നും
സ്വിസ് ബാങ്കുകളുടെ
ദൂരം നോക്കുക
ഒരു ദൂരദർശ്ശിനിയിലും
കാഴ്ച്ചകൾ പതിയാത്ത
ലോക്കറുകൾ,
ഒരു ഭൂപടത്തിലും
അടയാളപ്പെടുത്താത്ത
ദിശകൾ
നോവുതിന്ന് വറ്റിയ
നെഞ്ചുമായി
കാലമിനിയെത്ര
നടന്നാലാണ്
സൊമാലിയയിൽ നിന്നും
സ്വിസ് ബാങ്കുകളിലേക്ക്
എത്തിപ്പെടുക നമ്മൾ...????
കതിരേഷ് പാലക്കാട്
Comments