മനുവിന്റെ ധന്യക്ക്


ആവശ്യത്തിലധികം
വിഷാദം
മനസ്സിൽ നിറഞ്ഞതു
കൊണ്ടാണ് നിന്റെ
മിഴികൾ അത്രമേൽ
കറുത്തിരുന്നത്
ജീവിതയാത്രയുടെ
ഭൂപടം നഷ്ടപ്പെട്ടപ്പോഴാണ്
നീ എന്റെ കൈപിടിച്ചത്
ഒരറ്റത്ത് മൗനവും
മറുഭാഗത്ത് വാചാലതയും
കൊണ്ടാണ് നമ്മുടെ
സൗഹൃദം കൂടുകൂട്ടിയത്
നിന്റെ ചിറകുകളിൽ
ആകാശത്തിന്റെ
സ്വപ്നങ്ങൾ തിളങ്ങുന്നത്
ഞാനല്ലേ ആദ്യം കണ്ടത് ?
നിന്റെ ആത്മഹത്യയുടെ
മൂന്നാം ശ്രമത്തിലാണ് നീ
മരിച്ച് വീണ്ടും ജനിച്ചത്
പുനർജന്മത്തിൽ
ഹൃദയം നിറയെ
ലക്ഷ്യങ്ങളുടെ വിത്തുകൾ
മുളച്ചിരുന്നു
മഴയെ നീ
സ്നേഹിച്ചിരുന്നു
കാരണം
നിന്റെ ചിരികളുടെ
നിനവുകൾ
എന്നെ തോരാതെ
നനുപ്പിച്ചിരുന്നു...
ഓർക്കുന്നുണ്ടോ
എന്റെ യഥാർത്ഥ പേര്
ഒരിക്കലും വിളിച്ചിരുന്നില്ല നീ
പുതിയ വഴിയിലെ
കലാലയം ഇന്നലെയുടെ
മുറിവുകളെ എത്ര
പെട്ടെന്നാണ് ഉണക്കിയെടുത്തത്
ആദ്യ വർഷം
ഞാൻ കൂടെയുണ്ടായിരുന്നു
രണ്ടാംവർഷം എന്റെ നിഴൽ
മൂന്നാം വർഷം നിന്റെ
ഓർമ്മകളിൽ നിന്നുപോലും
ഞാൻ മാഞ്ഞു പോയിരുന്നു
ഇടയിലാരേയാണ് നീ
എനിക്കും മേൽ
പ്രതിഷ്ഠിച്ചത് മനസ്സിൽ..?
എന്നിൽ ഒരു വിദ്വേഷത്തിൻ
മൂടുപടം വാരിയെറിഞ്ഞ്
ആരാണ് നിന്നെ അകറ്റിയത് ?
എന്നിലേക്കുള്ള നിന്റെ
വിശ്വാസങ്ങളിൽ അതിർവരമ്പുകൾ
ആരാണ് സൃഷ്ടിച്ചെടുത്തത് ?
ജീവിത യാത്രയിൽ
ഒരിടത്തും എന്നെ തനിച്ച്
ഇറക്കിവിടുമെന്ന് നിനച്ചിരുന്നില്ല
കാരണം.......
അത്രമേൽ നിന്നെ
പ്രണയിച്ചിരുന്നു ഞാൻ
നീയോ വീണ്ടും ഒരു
ശ്യൂന്യത നിറച്ചിട്ട് ,തിരക്കേറിയ
ഒരു സ്റ്റേഷനിൽ എന്നെ
ഏകാന്തതയുടെ ഇരുട്ടിലേക്ക്
വലിച്ചെറിഞ്ഞു
ഹൃദയം കനത്ത് എന്റെ
മിഴികൾ തുളുമ്പിയതറിയുമോ ?
നീ അവശേഷിപ്പിച്ച ശൂന്യത
ഹൃദയത്തിലിപ്പോഴും ഒരു
കറുത്തപാടായി നിൽക്കുന്നു
മിടുക്കി ആയിരുന്നു നീ
ആ വാശി എനിക്കിഷ്ടമായിരുന്നു
പടവുകൾ എത്ര
കരുതലോടെയാണ്
നീ കയറിപ്പോയത്
എത്ര മനോഹരമായാണ്
നിന്റെ ചിറകുകൾ പറക്കുന്നത്
ഈ ഉയരങ്ങളിൽ നീ
സംതൃപ്തയാണെന്നറിയാം
കാരണം നിന്റെ മിഴിയിലെ
കറുപ്പുകളകന്നിരിക്കുന്നു
നിന്റെ ചിരികളിൽ
വിഷാദങ്ങൾ നീങ്ങി
കൂടുതൽ സുന്ദരിയായിരിക്കുന്നു
അത്രമേൽ ജീവിതത്തെ
പ്രണയിക്കുന്നു നീയിന്ന്
ഇത്രയേ ഞാനും
ആശിച്ചിരുന്നുള്ളു നിന്നിൽ ....
ഒരപേക്ഷയേയുള്ളൂ
നിന്റെ ഹൃദയം തരുന്ന
എനിക്കുള്ള വാക്കുകൾ
കൈമാറാൻ മറക്കരുത്
ഓർമ്മകൾ ഒപ്പിയെടുത്ത്
നിനക്കൊരു
കവിത തുന്നിയതാണ്
എഴുതിയിട്ടും
എഴുതിയിട്ടും തീരാത്ത കവിത
നിന്നേപ്പോലെ.......
നിന്റെ നിഗൂഢതകൾ
ഞാൻ എഴുതുന്നില്ല
ഇനിയൊരിക്കലും തുറക്കാത്ത
അനുഭവ താളുകൾ അതേപടി
ചിതലരിച്ചു പോകട്ടെ
ഓർമ്മകളുടെ ഭാണ്ഡത്തിലെ
എന്നെ ഇടക്കയ്ക്കൊന്ന്
എടുത്തു നോക്കുക
നിന്റെ യാത്രയിൽ
ഞാനുമുണ്ടായിരുന്നെന്ന്
ഒന്നോർക്കുവാൻ വേണ്ടി മാത്രം
ഈ യാത്രയിൽ
ഒരിക്കലും പുണരാത്ത
ഇരു കരകളിലായ് നമ്മൾ
നീ വിസ്മരിക്കുന്ന
കടൽ ചുഴികളിലെന്നോ
ഒരുമിച്ചു തുഴഞ്ഞതുകൊണ്ടാവും
അലകൾ ഇന്ന്
ഒരു സാഗരത്തിനിരുപുറവും
നമ്മുടെ ഓർമ്മകളുടെ
തീരം ചുംബിക്കുന്നത്............!
കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം