ഉമ്മറക്കോലായി
നാൽക്കൂട്ടും കൂട്ടി
മുറുക്കി കിറുങ്ങിയ
മുത്തശ്ശിയുണ്ടായിരുന്നാ
ഉമ്മറക്കോലായിൽ
അയവിറക്കി തുപ്പുന്ന
നാടിന്റെ കഥകളും
ഭയമൂറ്റി മൊഴിയുന്ന
പ്രേത കഥകളും
നിത്യവുമാകാശം നിറച്ചിരുന്നു
കഴുത്ത് വിരിഞ്ഞു കെട്ടിയ
തുണി സഞ്ചിയിൽ
തുളുമ്പുന്ന തുട്ടുകൾ
താളമിടും നടക്കുമ്പോൾ
നാടുചുറ്റി
നടുത്തളമെത്തുമ്പോൾ
മടിശ്ശീലപൊതിയിൽ
മധുരം കരുതിയ മുത്തശ്ശി
കൊയ്ത്തു പാട്ടുകൾ
താരാട്ടുകൾ
താളത്തിൽ കേട്ടുറങ്ങിയ
ബാല്യങ്ങൾ
മരിച്ചു പോകുമ്പോൾ
മനസ്സ് മരവിപ്പിച്ചു
കണ്ണീരു പെയ്യിച്ച മുത്തശ്ശി
കാലം മാറി
കോലം മാറി
ആൻഡ്രോയിഡ്
വന്നപ്പോൾ അകലെ
നിന്നും ഓൺലൈൻ
ആയ മുത്തശ്ശി
വെട്ടടക്ക പോലൊരു
സ്മൈലിയും അയച്ച്
മിസ്സ് യൂ പറയും മുത്തശ്ശി
വീഡിയോ കോളിൽ
വിശേഷങ്ങൾ പറഞ്ഞ്
നൊസ്റ്റൂ ഉണർത്തും മുത്തശ്ശി
മരിച്ചു പോവുമ്പോൾ
സി.ഡി-യിൽ ചുരുങ്ങി
ജി.ബിയായ് മാറിയ മുത്തശ്ശി
കണ്ണീർ സ്മൈലിയിൽ
റീത്തുകൾ ചുമന്ന്
വെറും സ്റ്റാറ്റസ് ആയൊരു മുത്തശ്ശി..........!
കതിരേഷ് പാലക്കാട്
Comments