തേപ്പു പെട്ടി


സ്വരുക്കൂട്ടിയ
സ്വപ്നങ്ങളേയെല്ലാം
ഹൃദയത്തിൽ കത്തിയെരിച്ച്
കനലുകൾ നിലനിർത്തണം
ഈ ജീവിത ചുരുളുകൾ
നിവർത്തിയെടുക്കുവാൻ
ആശ്വാസകരങ്ങൾ തീണ്ടാത്ത
തോളിൻപുറം തലോടി
കഴുത്തിനെ നിവർത്തണമാദ്യം
കനിവുകൾ നിഷേധിക്കപ്പെട്ട
കൈകൾ രണ്ടാമത്
വേദനകൾ കുന്നുകൂടിയ
ഉള്ളുകൾ പിന്നെ
അപ്പോഴേക്കും പെട്ടി
ഒന്നൂടെ ചൂടായിരിക്കും
പട്ടിണികൾതൻ ഒട്ടലുകൾ
നിറഞ്ഞ നാഭിയിൽ നിന്നും
നിശ്വാസങ്ങൾ ഉരുവെടുക്കുന്ന
വലം നെഞ്ചിലേക്ക് വിശ്വാസത്തിന്റെ
നേരുകൾ നേരാക്കിയെടുക്കണം
നഗ്നതയ്ക്കു മീതെ തിരശ്ശീല
തുന്നുന്ന ബട്ടണുകൾ പൊട്ടാതെ നോക്കണം
പിന്നെ ഇടത് നിന്നും
പ്രണയം തുടിക്കുന്ന
ഹൃദയത്തിനുമുകളിൽ
വറുതി തഴമ്പിച്ച കീശയെ നിവർത്തണം
ഇടം കൈയാൽ കഴുത്തും
വലംകൈയാൽ നാഭിയുമേന്തി
സ്വപ്നങ്ങളെ ഒന്നു മറിച്ചിടേണം
വലം മടക്കി ഇടം മടക്കി കൈകൾ ഒതുക്കി
വയറ്റിൻ മുകളിൽ നെഞ്ച് നിവർത്തി വയ്ക്കണം
പ്രതീക്ഷയുടെ
ആത്മവിശ്വാസത്തിന്റെ
ഉടുപ്പ് റെഡി ....ഇനി യാത്രകൾ
കുന്നുകൾ ,കാടുകൾ, കടലുകൾ
അങ്ങിനെ അങ്ങിനെ.........!
കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......