35-ലെ അവിവാഹിതൻ


പതിവിലുമേറെ യൗവ്വനം
അനുവദിച്ചു കിട്ടിയതിൽ
എപ്പോഴും ആനന്ദിക്കും
കുടിലോ കൊട്ടാരമോ
രാജകുമാരൻ്റെ തലയെടുപ്പോടെ
സ്വന്തം രാജ്യത്ത് വാഴും
തെറ്റുകാണുമ്പോൾ
പ്രതികരിക്കുകയും
സദാ അത് നോക്കിയിരിക്കുകയും
ചെയ്യും
ഉള്ളിൽ,
ചില്ലകൾനിറയെ പക്ഷികളുള്ള
ഒരു മരമുണ്ടാവും
കനവുകൾ കത്തിയെരിയുന്ന
ഒരു വഴിവിളക്കും
പുലർകാലങ്ങളിൽ കുളിരിനെ
കൂട്ടുപിടിച്ച് പൂക്കളോട്
കിന്നാരം പറയും
തിരക്കുകളിൽ അപ്പൂപ്പൻ
താടിപോലെ പറന്നു നടക്കും
ഒറ്റപ്പെട്ടു എന്ന് തോന്നുമ്പോഴെല്ലാം
കുന്നുകളിലേക്കോ കാടുകളിലേക്കോ
യാത്ര പോകും
ചാലുകൾ ശോഷിച്ച
പുഴയെ നോക്കി
നെടുവീർപ്പുകൾ ഒഴുക്കും
തീവണ്ടിയോ ആനവണ്ടിയോ
വഴിയോരത്ത് കണ്ണും നട്ടിരിക്കാൻ
ജനാലയിരിപ്പിടം തേടിയിരിക്കും
ആ യാത്രകളിലെല്ലാം
മനസ്സുനിറയെ
പ്രണയമായിരിക്കും
നഷ്ടപ്പെടലുകളുടെ
കിട്ടാതെപോയ
ചുംബനങ്ങളുടെ ഈണത്തിൽ
അറിയാതെ മയങ്ങിവീഴും
വഴിയിൽ,
ഇരുചക്ര
വാഹനത്തിൽ ചേർന്നിരുന്നു
പോകുന്ന പുതുദമ്പതികൾ
നോവുകൾ മനസ്സിലുണർത്തും
വീട്ടിലെ പൊടിപിടിച്ച
വണ്ടിയുടെ പുറകിലൊരാളുണ്ടെന്ന്
വെറുതേ സങ്കൽപ്പിക്കും
ബാറിൽ ,
ആളൊഴിഞ്ഞ
മേശയിൽ സ്ഥാനം പിടിക്കും
ഒന്നാമത്തെ പെഗ്ഗിൽ
സ്വയം ആശ്വസിപ്പിക്കും
രണ്ടാമത്തെ പെഗ്ഗിൽ
എന്തൊക്കെയോ
ആലോചിച്ച് സങ്കടപ്പെടും
മുന്നാമത്തെ പെഗ്ഗിൽ
ഏകാന്തതയേക്കുറിച്ച്
കവിതയെഴുതും
സമൂഹത്തിൽ ,
ഒരു വിൽക്കാച്ചരക്കായിരിക്കും
ആളുകൾ മുഖത്തുനോക്കി
പരിഹാസത്തിന്റെ ചിരിസമ്മാനിക്കും
പുറകിൽ പാതിപൊത്തിയ വായകളും
കൂർപ്പിച്ച ചെവികളും പൊള്ളയായ
കഥകളുടെ അടക്കംപറയും
കുടുംബത്തിൽ,
ബാധ്യതകളെല്ലാം
ഏറ്റെടുത്തൊരു
ഇരുത്തം വന്നൊരു
ബാധ്യതയായിരിക്കും
പച്ചപ്പുകൾ ഉണങ്ങിയ
നെടുവീർപ്പുകളുടെ
ബന്ധുസമാഗമ ഭൂമി
മുഖപുസ്തകത്തിൽ
പഴയ കാമുകിയുടെ
താളുകളിൽ നിത്യസന്ദർശനം
നടത്തും, വാട്സാപ്പിൽ
ലാസ്റ്റ് സീനും നോക്കി
വെറുതേയൊരു സ്മൈലിയയക്കും
മറുപടി വരുന്ന നാളുകളിൽ
മഴയേക്കുറിച്ച് ചാറ്റ് ചെയ്യും
വിളിവരും ഉറപ്പാണ്...അസ്തമിച്ച
പ്രണയത്തെ ഒരു മഴപോലെ
ഉണർത്തുവതാരുമില്ല
അന്ന് രാത്രി
നെഞ്ചിലേക്ക് ചുടുനിശ്വാസം
വിതറി അവൾ കട്ടിലിന്റെ ഒഴിവുനികത്തും
തുരുതുരാ ഉമ്മകളിൽ
അവളുടെ ബിംബം കോറിയിട്ട
തലയിണ നനഞ്ഞിരിക്കും
രാവിലെ,
മിഴികൾക്കുചുറ്റും
കറുക്കാൻ തുടങ്ങുന്ന
അകാശത്തിനുമുകളിൽ
കൊഴിഞ്ഞുപോയ കേശക്കാടിന്റ
മരുഭൂമിക്കപ്പുറം
വെള്ളിയുടുത്ത തലനാരുകൾ
എത്തിനോക്കും
കണ്ണാടിയിൽ നോക്കുമ്പോഴെല്ലാം
പ്രായം കൂടിവരുന്നത് കൊണ്ട്
കൂട്ടുകളെല്ലാം ചെറുപ്പങ്ങളായി
തിരഞ്ഞെടുക്കും
കളിയാക്കലുകളിൽ
മനസ്സിനെന്ത് പ്രായമെന്ന്
വെറുതേ വാദിക്കും
ഇഷ്ടമായിരിക്കും എല്ലാവർക്കും
ആരുവന്നാലും വേദനനിറയ്ക്കുവാൻ
ഒരു ശ്യൂന്യത ഒഴിച്ചിടും ഹൃദയത്തിൽ
ദിശമാറിയതെവിടേയെന്നൊരു
ചോദ്യചിഹ്നവും.
ചോദ്യങ്ങളെല്ലാം
ഉത്തരമാകുന്ന
കാലത്തെ സ്വപ്നംകണ്ട്
പറന്നു പറന്നങ്ങിനെ.............!
കതിരേഷ് പാലക്കാട്

Comments