കവിയുടെ കണ്ണുകൾ

(കവികൾക്ക്... പ്രത്യേക സമർപ്പണം പവിത്രൻ തീക്കുനി മാഷിന് )

കവിയുടെ
കണ്ണുകളിലേക്ക് നോക്കുക
കടന്നുവന്ന കനൽക്കാടുകളുടെ
കിനാവുകൾ എരിയുന്നത് കാണാം

ആത്മരോദനങ്ങളുടെ
നീർച്ചാലുകൾ വറ്റിയ
ഒരു മലയുടെ അസ്ഥികൂടം കാണാം
വാക്കുകളുടെ വേരുകൾ
ആഴ്ന്നിറങ്ങിയ ഓർമ്മകൾ
സ്പന്ദിക്കുന്ന ഹൃദയം കാണാം
കണ്ണുകളിലേക്ക് നോക്കുക
ശാശ്വതമായൊരു ഇരുട്ട്
കറുത്ത് നിഴലിക്കുന്നത് കാണാം
ഒപ്പം ഒരു കനലെരിയുന്നതും
നാട്ടുവഴികളുടെ നഗരകോമരങ്ങളുടെ
പൊടിപ്പുകൾ തമ്മിലിടഞ്ഞ്
വാക്കേറ്റങ്ങളാൽ കുരുതിക്കളങ്ങളിൽ
വാർന്നുവറ്റിയ ചോരകൾ കാണാം
മഞ്ഞുപെയ്യുന്ന മന്ദാരക്കുന്നുകളും
താഴ്വാരങ്ങളിൽ മീനുകളുള്ള
ചോലയേയും മൗനംകൊണ്ടുവരച്ചിട്ട
ക്യാൻവാസുകൾ കാണാം
ആൾക്കൂട്ടങ്ങളുടെ നടുവിൽ
കത്തിയെരിയുന്ന തീമരവും
അതിന്റെ നിഴലിൽ സ്വപ്നങ്ങൾ
ചികയുന്ന കുരുവികളേയുംകാണാം
കവിയുടെ കണ്ണുകളിലേക്ക് നോക്കുക
വിശപ്പിന്റെ പൊല്ലാപ്പുകൾ
കാർന്നുതിന്ന കരളിൽ നിറയെ
പ്രഞ്ജതൻ അമ്ലം ഉറവയായ്
പൊടിയുന്നതു കാണാം
നിലയ്ക്കാത്ത യാത്രകളുടെ
ചൂളംവിളികളുടെ അന്തിയുറക്കങ്ങളുടെ
വിശാലമായ വയൽപ്പരപ്പ് കാണാം
പേമാരികൾ പേക്കോലങ്ങൾ
ഭൂകമ്പങ്ങൾ ഭൂമിതന്നാരവങ്ങൾ
പുലരികൾ ചുവന്നസന്ധ്യകൾ
നീണ്ട പകലുകൾ നിരതരാത്രികൾ
കവിയുടെ കണ്ണുകളിലേക്ക് നോക്കുക
ഒരു ജീവിതത്തിനും മരണത്തിനും
ഇടയിൽ ഒരു വിശ്വം പൂർണ്ണമായും
കണ്ണുകളിൽ പ്രതിഫലിപ്പിച്ച്
ഒരു കവിയും കവിതയും
കവിയുടെ കണ്ണുകളും
 അനശ്വരമാവുന്നു.


കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......