പ്രളയമഴയേ....(ഒരു യാത്രാമൊഴി)

മഴയേ
കരകളെ തച്ചുടയ്ച്ചാലും
ലക്ഷ്യം കടലെന്നറിയാം
തിരകൾ വിശ്രമിക്കാത്ത
തീരങ്ങളിലേയ്ക്കുള്ള
യാത്രയിലാണ് നീ

വഴിമുടക്കികൾ ഞങ്ങൾ
വേലികെട്ടിയപ്പോഴൊക്കെയും
വേദനകൊണ്ടില്ലൊരിക്കലും
അന്ന് നീ വറുതിയിലായിരുന്നു
ഇനിയൊരിക്കലും
ജീവിക്കില്ലെന്നോർത്ത്
നിന്റെ വഴികളെ
ഞങ്ങളാണ് വിറ്റുതുലച്ചത്
പാപികൾ ഞങ്ങൾ
പാവങ്ങളും
നോവുതാങ്ങീടാൻ
നിന്നോളം ക്ഷമയില്ലാത്തവർ
ആനന്ദങ്ങളിൽ നിന്നും നീ
ആരവങ്ങളിലേയ്ക്ക്
യാത്രയാവുമ്പോൾ
ആധികളൊടുങ്ങാത്ത
നിശകളാണ് ബാക്കിയാവുന്നത്
ആശകൾ വറ്റിയ ഹൃദയങ്ങളിൽ
നിന്നോളം പെയ്തൊഴിയാൻ
കണ്ണീരുകൾ മിച്ചമില്ലിവിടെ
മതി മതി പഠിപ്പിച്ചത്
പതിയേ യാത്രയാവുക
പരിഭവങ്ങളൊഴിഞ്ഞ്
പിന്നേയും വരുക മിതമായ്
ഇവിടെ
നീ ജനിപ്പിച്ച ജീവനേയുള്ളൂ
നീ മുളപ്പിച്ച വിത്തേയുള്ളൂ
അമ്മയാകുന്നു നീ
പെയ്തുമുഴുമിക്കാത്ത
സ്നേഹനിധീ
പ്രണയം വറ്റാത്ത കാമുകീ
നിഷ്ക്കളങ്ക സൗഹൃദമേ
പോയവരുക


കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......