വരൂ പ്രിയേ നമുക്ക് പ്രണയിക്കാം



എന്റെ പ്രണയിനീ വരൂ
നമുക്ക് പ്രണയിക്കാം
ചിതലരിച്ച താളുകളിൽ
അക്ഷരങ്ങൾക്ക് പുതിയോ-
രർത്ഥങ്ങളുണ്ടാക്കാം....

അലകളുലയുന്ന കടൽത്തീരങ്ങളിൽ
നമുക്ക് കിന്നരിച്ചിരിക്കാം
ബന്ധനകെട്ടുകളുടെ പിരിമു-
റുക്കങ്ങളില്ലാതെ സ്വപ്നങ്ങൾ
പങ്കുവയ്ക്കാം.....

കാറ്റുതലോടുന്ന നിൻ കാർ-
കൂന്തൽ മണമെനിക്ക് നുകരേണം..
ആയിരം കഥകൾതൻ പരിഭവ-
മോതുന്ന മിഴിയിണ താളം പിടിച്ച-
 ങ്ങിനെനിൻ മടിത്തട്ടിൽ
തലചായ്ച്ചുറങ്ങേണമെനിക്ക്...

നീ തളരുംപോൾ സമ്മാനിക്കാൻ
തുടിപ്പേറിയ ഹൃദയക്കൂടിനുമേൽ
വിരിവാർന്ന മാറുമായ് ഞാനുണ്ടിവിടെ...!
നിനക്കായ് മാത്രം സ്വരുക്കൂട്ടിയ
കവിതകളിനിയും കാതോർക്കുന്നിവിടെ..

വരൂ പ്രിയേ മുല്ലവള്ളികൾക്കിടയിൽ
നിനക്കായ് മാത്രം പൂവിട്ട ദളങ്ങളിൽ
തേൻ നുകരാം .....
പരിഭവങ്ങളിൽ വാശിയോടെ
പിണങ്ങാം,ഇറുകിയാശ്ലേഷിച്ച്
ചുംബിച്ചിണങ്ങാം നമുക്ക്....

നിലാവുള്ള നനുത്ത രാത്രിയിൽ
മാന൦ നോക്കി കിനാവുകൾ മെനയാം
ചുടു നിശ്വാസങ്ങളോടെ നറുമെയ്-
ത്തലങ്ങളുടെ വിയർപ്പൂറ്റിയൊന്നാവാം...

അകലങ്ങളിൽ വിരഹദുഃഖത്തിൻ
നോവുമായ് കാത്തിരിക്കാം
അടുക്കുമ്പോൾ മിഴികളിലായിരം
ഹൃദയമൊഴികളാലൊന്നുചേരാം...

വെയിലേറുംപോൾ ഗുൽമോഹർ പൂത്ത
വഴിനിഴലുകളിൽ വെറുതേയിരിക്കാം
കുളിരണയുമ്പോൾ ഒരുമിച്ചൊരുപു-
തപ്പിനുള്ളിൽ ചൂടുപകരാം....

അലകളായ് നിൻചിരിയുയരുമ്പോ-
ളാകടൽക്കരയിൽ കൈകോർത്ത-
ങ്ങിനെ നടക്കാം.... വെറുതെ....

ഒരു കാതത്തിൽ അച്ചനമ്മയും മറു-കാതങ്ങളിൽലപ്പൂപ്പനമ്മൂമയുമാവാം
നരവീണചിത്തത്തിലോ൪മ്മ നില-
ക്കുമ്പോളൊരുമിച്ചീലോകത്തോടു
വിടപറഞ്ഞകലാം നമ്മുക്ക്....!

വരൂ പ്രിയേ നമുക്ക് പ്രണയിക്കാം......!

കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......